കൽപകഞ്ചേരി: ‘യുവത’ പബ്ലിക്കേഷൻ്റെ 2024 വർഷത്തെ പ്രതിഭാ പുരസ്കാരം ചെറിയമുണ്ടം അബ്ദുറസാഖ് മൗലവിക്ക് സമ്മാനിച്ചു. ഡോ:അബ്ദുസ്സമദ് സമദാനി എം.പി പുരസ്കാര സമർപ്പണം നിർവഹിച്ചു.
സമൂഹത്തെ ഗ്രസിച്ച തിന്മകൾക്കെതിരെ തൂലിക കൊണ്ട് പ്രതിരോധം തീർക്കാൻ എഴുത്തുകാർക്ക് ബാധ്യതയുണ്ടെന്ന് എം.പി പറഞ്ഞു. കടുണ്ടാത്തുകുണ്ട് മൈൽസ് ഓഡിറ്റോറിയത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.
കവിത, കഥ, നോവൽ, ലേഖനങ്ങൾ, വിമർശനം , പഠനം, ബാലസാഹിത്യം തുടങ്ങി മതസാഹിത്യത്തിലും സർഗസാഹിത്യത്തിലും വൈവിധ്യങ്ങൾ തീർത്ത 54 പുസ്തകങ്ങൾ മൗലവിയുടേതായി പ്രസിദ്ധീകൃതമായിട്ടുണ്ട്. പുറമെ ആനുകാലികങ്ങളിൽ വന്ന കനപ്പെട്ട ധാരാളം രചനകളും. വിശുദ്ധ ഖുർആൻ്റെ ആശയം സമ്പൂർണ്ണ കാവ്യരൂപത്തിലാക്കിയ കോന്നിയൂർ രാഘവൻ നായരുടെ ‘ദിവ്യദീപ്തി” മൂന്നു വർഷമെടുത്ത് ശ്രമകരമായ എഡിറ്റിങ് നിർവ്വഹിച്ചത് ചെറിയമുണ്ടം റസാഖ് മൗലവിയാണ്. ചരിത്രത്തിൽ ഇടം നേടിയ ദിവ്യദീപ്തി എന്ന പേരും മൗലവിയുടേതു തന്നെ.
2007 മുതൽ 2016 വരെ കൽപകഞ്ചേരി കേന്ദ്രമായി പ്രസിദ്ധീകരിച്ചിരുന്ന മേധ പബ്ലിക്കേഷൻ്റെ ധിഷണ സാഹിത്യമാസികയുടെ എഡിറ്ററും പബ്ലിഷറും പ്രചാരകനും എല്ലാം മൗലവി തന്നെയായിരുന്നു. ധിഷണയിലെ എഡിറ്റോറിയലുകൾ സമാഹരിച്ച് 2016 ൽ പുറത്തിറങ്ങിയ പത്രാധിപർ പറഞ്ഞത് എന്ന ലേഖന സമാഹാരം ഏറെ കാമ്പുള്ള കൃതിയാണ്.
എഡിറ്റർ എഴുത്തുകാരൻ അധ്യാപകൻ പ്രഭാഷകൻ പണ്ഡിതൻ ചിന്തകൾ പ്രകൃതിസ്നേഹി കലാസ്വാദകൻ തുടങ്ങി വിവിധ തുറകളിൽ മുദ്ര പതിപ്പിച്ച മൗലവി എൺപതാം വയസ്സിലും സർഗ്ഗാത്മകമായ ഇടം നിലനിർത്തിപ്പോരുന്നുണ്ട്. മലയാളത്തിൽ കഴിഞ്ഞ 50 വർഷമായി ഒരു ലക്കം പോലും മുടങ്ങാതെ പുറത്തിറങ്ങുന്ന ശബാബ് വാരികയുടെ എഡിറ്റോറിയൽ പദവിയിൽ ഇപ്പോഴും ചെറിയമുണ്ടം അബ്ദുറസാഖ് എന്ന പേരു തന്നെയാണുള്ളത്.
യുവത ഡയരക്ടർ പ്രൊഫ. കെ പി സകരിയ്യ അധ്യക്ഷനായിരുന്നു. റസാഖ് മൗലവിയുടെ രചനാ ലോകം എംടി മനാഫ് മാസ്റ്റർ പരിചയപ്പെടുത്തി. കുറുക്കോളി മൊയ്തീൻ എം എൽ എ, ഫൈസൽ എളേറ്റിൽ, സി.പി ഉമർ സുല്ലമി, എഞ്ചിനിയർ അഹമ്മദ് മൂപ്പൻ, ഡോ. അൻവർ സാദത്ത്, സി.പി രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു. ഹാറൂൻ കക്കാട് സ്വാഗതവും നിയാസ് തെക്കരകത്ത് നന്ദിയും പറഞ്ഞു