കൽപകഞ്ചേരി: കടുങ്ങാത്തുകുണ്ട് ടൗണിൽ യാത്രക്കാർക്ക് ഭീഷണിയായി വളവന്നൂർ വില്ലേജ് കോമ്പൗണ്ടിലെ ചുറ്റുമതിൽ. വളാഞ്ചേരി ഭാഗത്തേക്കുള്ള ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് പിൻവശത്താണ് ആറടി ഉയരത്തിലുള്ള മതിൽ റോഡിലേക്ക് ചെരിഞ്ഞു നിൽക്കുന്നത്. വിദ്യാർത്ഥികൾ അടക്കം നൂറുകണക്കിന് യാത്രക്കാരാണ് ദിനംപ്രതി ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ വന്നു പോകുന്നത്. കൂടാതെ കാൽനടയാത്രക്കാർക്കും മതിൽ ഭീഷണിയായാണ്. നേരത്തെ വില്ലേജ് കോമ്പൗണ്ടിൽ നിന്ന് കൂറ്റൻ മരത്തിന്റെ കൊമ്പ് റോഡിലേക്ക് മുറിഞ്ഞുവീണ് ബസ് കാത്തിരിപ്പ് കേന്ദ്രം ഭാഗികമായി തകർന്നിരുന്നു. ഇനിയൊരു അപകടത്തിന് കാത്തുനിൽക്കാതെ അധികൃതർ എത്രയും വേഗം മതിൽ പൊളിച്ച് മാറ്റണമെന്ന് നാട്ടുകാർ പറഞ്ഞു.