തിരൂർ: ലൈഫ്ഭവന പദ്ധതിക്കും കുടിവെള്ളത്തിനും പ്രാധാന്യം നൽകി വെട്ടം ഗ്രാമ പഞ്ചായത്ത് ബജറ്റ്. ലൈഫ് ഭവന പദ്ധതിയിൽ കഴിഞ്ഞ വർഷം മികച്ച നേട്ടം കൈവരിച്ച വെട്ടം പഞ്ചായത്തിൽ 535 വീടുകൾക്ക് ഫണ്ട് വകയിരുത്തിയിരുന്നു. ഇതിൽ 327 കുടുംബങ്ങൾക്ക് കരാർ വയ്ക്കുകയും 82 വീടുകൾ പൂർത്തിയാക്കുകയും ചെയ്തിട്ടുണ്ട്. ഇതിൻ്റെ തുടർച്ചയായി ഈ വർഷത്തെ ബജറ്റിൽ ലൈഫ് ഭവന പദ്ധതിക്കായി എട്ട് കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. ശുചിത്വ മേഖലയിൽ 60 ലക്ഷം രൂപയും ഉൽപാദന മേഖലയിൽ 87 ലക്ഷം രുപയും വകയിരുത്തി. തെരുവ് വിളക്ക്, ശുചിത്വം, കുടിവെള്ളം എന്നിവക്കായി 1,14,94,000 രൂപയാണ് ബജറ്റിൽ വകയിരുത്തിയിട്ടുള്ളത്. റോഡുകളുടെ നവീകരണത്തിനും ആരോഗ്യ മേഖലയ്ക്കും തുക വകയിരുത്തി. വാക്കാട് സ്റ്റേഡിയം നവീകരണത്തിനും സാമൂഹ്യ സുരക്ഷ പെൻഷനുമായി ബജറ്റിൽ ഫണ്ട് നീക്കിവെച്ചിട്ടുണ്ട്.
38 കോടി 35,16,913 രൂപ വരവും 35 കോടി 16,78,022 രൂപ ചെലവും 3 കോടി 18,48,851 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റാണ് വൈസ് പ്രസിഡന്റ് രജനി മുല്ലയിൽ അവതരിപ്പിച്ചത്. ബജറ്റ് യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് നൗഷാദ് നെല്ലാഞ്ചേരി അധ്യക്ഷനായി. സെക്രട്ടറി ടി. അബ്ദു സലീം സ്വാഗതം പറഞ്ഞു.