എസ്.എൻ.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ സന്ദർശിച്ച് പിവി അൻവർ എംഎല്‍എ. കണിച്ചുകുളങ്ങരയിലാണ് കൂടിക്കാഴ്ചയ്‌ക്കായി പിവി അൻവർ എത്തിയത്. ആലപ്പുഴയില്‍ അൻവറിന്റെ രാഷ്‌ട്രീയ പാർട്ടിയായ ഡിഎംകെയുടെ ഘടക രൂപീകരണവുമായി ബന്ധപ്പെട്ട് ഇന്ന് വൈകിട്ട് നാലു മണിക്ക് ജില്ലാ കമ്മിറ്റി രൂപീകരണം ഉണ്ട്. ഇതുമായി ബന്ധപ്പെട്ടാണ് അൻവർ ആലപ്പുഴയില്‍ എത്തിയത്.
വീട്ടിലെത്തിയ അൻവർ വെള്ളാപ്പള്ളി നടേശനെ പൊന്നാടയണിയിച്ചു. വെള്ളാപ്പള്ളിയെ സന്ദര്‍ശിച്ചതിന് രാഷ്‌ട്രീയ ലക്ഷ്യമില്ലെന്ന് പി.വി.അന്‍വര്‍ പറഞ്ഞു. സൗഹൃദം പങ്കിടല്‍ മാത്രമാണ് താന്‍ ഉദ്ദേശിച്ചതെന്ന് അന്‍വര്‍ പ്രതികരിച്ചു. അന്‍വര്‍ വെള്ളാപ്പള്ളിയുടെ കണിച്ചുകുളങ്ങരയിലെ വീട്ടിലെത്തിയശേഷം ഇരുവരും ഒരുമിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. അന്‍വറിന്റെ വിശ്വാസം അന്‍വറിനെ രക്ഷിക്കട്ടെയെന്ന് വെള്ളാപ്പള്ളി പ്രതികരിച്ചു. ഇത് രാഷ്‌ട്രീയ സന്ദര്‍ശനമല്ല. ഒരോരുത്തര്‍ക്കും അവരുടേതായ രാഷ്‌ട്രീയ അഭിപ്രായങ്ങളുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനെതിരായ അന്‍വറിന്റെ അഭിപ്രായം വ്യക്തിപരമാണ്. തന്റെ അഭിപ്രായം താന്‍ പുറത്തുപറയുന്നില്ല. രാഷ്‌ട്രീയവും സൗഹൃദവും വെവ്വേറെയാണ്. തന്നെ ഉരുട്ടാന്‍ നോക്കേണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു. ഡിഎംകെ പാർട്ടി ഒരിക്കലും മുന്നോട്ട് പോകില്ലെന്നും പി.വി അൻവറിൻ്റേത് ഇൻ്റർനാഷണല്‍ മണ്ടത്തരമാണെന്നും നേരത്തെ വെള്ളാപ്പള്ളി നടേശൻ പരസ്യപ്രതികരണം നടത്തിയിരുന്നു.