നവീകരണ പ്രവർത്തികൾ പൂർത്തീകരിച്ച വളവന്നൂർ ശ്രീ പാറങ്ങോട്ടുചോല മഹാശിവക്ഷേത്രത്തിലെ പുനപ്രതിഷ്ഠ അഷ്ടബന്ധ ബ്രഹ്മകലശ മഹോത്സവം ഈ മാസം 20 മുതൽ 28 വരെയുള്ള ദിവസങ്ങളിൽ നടക്കും. ആദ്യ ദിവസമായ ശനിയാഴ്ച വൈകിട്ട് മൂന്ന് മണിക്ക് വളവന്നൂർ അല്ലോട്ട് ശ്രീ ദുർഗ്ഗാദേവി ക്ഷേത്രത്തിൽ നിന്നും വിഗ്രഹ, കലവറ ഘോഷയാത്ര കടുങ്ങാത്തുകുണ്ട് – കുറുക്കോൾ വഴി ക്ഷേത്രത്തിൽ എത്തിച്ചേരും. നെറ്റിപ്പട്ടം കെട്ടിയ മൂന്ന് ഗജവീരന്മാരും വാദ്യമേളങ്ങളും മുത്തുകുടകളും താലമേന്തിയ കുട്ടികളുമടക്കം നിരവധി ഭക്തർ ഘോഷയാത്രയിൽ അണിനിരക്കും.
ഇരുപത്തിയൊന്നാം തീയതി രാവിലെ 10 മണിക്ക് നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുക്കും. വൈകിട്ട് 7 മണിക്ക് കലാമണ്ഡലം നന്ദകുമാർ അവതരിപ്പിക്കുന്ന ഓട്ടം തുള്ളലും അരങ്ങേറും.
22, 23 ദിവസങ്ങളിൽ വൈകിട്ട് 7 മണിമുതൽ നൃത്ത നൃത്യങ്ങൾ, തിരുവാതിര കളി എന്നിവ അരങ്ങേറും, 26 തീയതി രാവിലെ 10 മണിക്ക് പ്രമോദ് ഐക്കരപ്പടി ഭക്തി പ്രഭാഷണം നടത്തും. വൈകിട്ട് 7 മണിക്ക് കോഴിക്കോട് പ്രശാന്ത് വർമ്മ നയിക്കുന്ന ഭജൻസ് (മാനസ ജപലഹരി) അരങ്ങേറും.
ക്ഷേത്രം മാർഗ്ഗദർശി എൻ.എൻ രാജീവ്ജി അഗസ്ത്യമല, ക്ഷേത്രം തന്ത്രി പുതുമന ശങ്കര നമ്പൂതിരി, പുതുമന മധുസൂദനൻ തുടങ്ങിയവർ ചടങ്ങുകൾക്ക് കാർമികത്വം വഹിക്കും.