മഞ്ചേരി: സ്വത്ത് തർക്കത്തെത്തുടർന്ന് മാതാവിനെ കഴുത്തറത്ത് കൊലപ്പെടുത്തിയ കേസില്‍ മകന് ജീവപര്യന്തം തടവും 25,000 രൂപ പിഴയും ശിക്ഷ വിധിച്ചു. കല്‍പ്പകഞ്ചേരി വളവന്നൂർ വാരിയത്ത് മൊയ്തീൻകുട്ടിയെയാണ് (65) മഞ്ചേരി ഒന്നാം അഡീഷണല്‍ സെഷൻസ് കോടതി ജഡ്ജി എം. തുഷാർ ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ മൂന്നുമാസം അധിക തടവ് അനുഭവിക്കണം.
2016 മാർച്ച് 21-ന് വളവന്നൂർ ചോലക്കലില്‍വെച്ചാണ് പ്രതി മാതാവായ പാത്തുമ്മയെ (80) കൊലപ്പെടുത്തിയത്. പാത്തുമ്മയുടെ ഭർത്താവ് പരേതനായ അബ്ദുറഹിമാന്റെ പേരിലുണ്ടായിരുന്ന സ്വത്ത് വിറ്റ് മൊയ്തീൻകുട്ടിയുടെ പേരില്‍ വസ്തുവാങ്ങിയിരുന്നു. ഇതിനുശേഷം ഇയാള്‍ മാതാവിനെ വീട്ടില്‍നിന്ന് ഇറക്കിവിട്ടു. ശേഷം പല വീടുകളിലായാണ് പാത്തുമ്മ കഴിഞ്ഞിരുന്നത്. ഇതിനിടെ ജീവിതച്ചെലവിന് പണം കിട്ടണമെന്നാവശ്യപ്പെട്ട് പാത്തുമ്മ മൊയ്തീന്റെ പേരില്‍ തിരൂർ കുടുംബകോടതിയില്‍ കേസ് കൊടുത്തു.
സംഭവദിവസം കോടതിയില്‍ പാത്തുമ്മയുടെ കേസ് പരിഗണിച്ചിരുന്നു. അദാലത്തില്‍ പാത്തുമ്മയും മൊയ്തീനും ഹാജരായി. ഇവിടെവെച്ച് മാതാവിനെ സംരക്ഷിക്കാമെന്നുപറഞ്ഞ് മൊയ്തീൻകുട്ടി കരാറുണ്ടാക്കി. ഇരുവരും വീട്ടിലേക്ക് തിരിച്ചുവരുമ്ബോള്‍ ചോലക്കല്‍ ഇടവഴിയില്‍വെച്ച് വൈകീട്ട് എഴുമണിയോടെ മൊയ്തീൻ മാതാവിനെ കഴുത്തറത്ത് കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷൻ കേസ്.
സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രതിയെ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയത്. 27 സാക്ഷികളെയും 21 രേഖകളും 27 തൊണ്ടിമുതലുകളും പ്രോസിക്യൂഷൻ ഹാജരാക്കി. പ്രതിയുടെ നഖത്തിന്റെ രാസപരിശോധനാ റിപ്പോർട്ടില്‍ പാത്തുമ്മയുടെ രക്തം ഉള്ളതായി തെളിഞ്ഞതാണ് കേസില്‍വഴിത്തിരിവായത്. രണ്ടാം സാക്ഷി കരീമിന്റെയും കൊല്ലപ്പെട്ട പാത്തുമ്മക്കുവേണ്ടി തിരൂർ കോടതിയില്‍ ഹാജരായ അഡ്വ. ഇസ്മയിലിന്റെയും മൊഴി കേസില്‍ നിർണായകമായി. പ്രോസിക്യൂഷനുവേണ്ടി അഡ്വ. സി. വാസുവും അഡ്വ. സി. ബാബുവും ഹാജരായി.