വളാഞ്ചേരി: വളാഞ്ചേരിയിൽ നിന്നും കാണാതായ 12 വയസുള്ള കുട്ടിയെ കണ്ണൂരിൽ നിന്നും കണ്ടെത്തി. വളാഞ്ചേരി മൂന്നാക്കൽ പള്ളി റോഡിൽ താമസിക്കുന്ന വല്ലാർത്തൊടി ഷിഹാബിൻ്റെ മകൻ ഷാദിലിനെയാണ് വെള്ളിയാഴ്ച്ച വൈകുന്നേരം കാണാതായത്. സ്കൂളില്‍ നിന്ന് വന്നശേഷം വീട്ടുകാരുമായി പിണങ്ങി ബാഗുമായി പോയ കുട്ടിയെ കാണാതായതോടെ വീട്ടുകാർ പോലീസിൽ പരാതി നൽകുകയായിരുന്നു. കണ്ണൂരിൽ നിന്ന് ഓട്ടോറിക്ഷ ഡ്രൈവർമാരാണ് കുട്ടിയെ പോലീസ് സ്റ്റേഷനിൽ എത്തിച്ചത്.