തിരൂർ: വൈരങ്കോട് ഭഗവതി ക്ഷേത്രത്തിൽ കനലാട്ടത്തിനുള്ള മരം മുറിച്ചതോടെ ഒരാഴ്ച നീളുന്ന തിയ്യാട്ടുത്സവത്തിനു തുടക്കം. ചൊവ്വാഴ്ച നടക്കുന്ന ചെറിയ തിയ്യാട്ടിന്റെ കനലാടത്തിന് ഭക്തർ വഴിപാട് നേർന്ന വരിക്കപ്ലാവാണ് ഞായറാഴ്ച മുറിച്ചത്. രാവിലെ കലവറ നിറക്കലോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. തുടർന്ന് നവകം, പഞ്ചഗവ്യം, ദീപാരാധന, അത്താഴപൂജ എന്നിവ നടന്നു. അപ്പോഴേക്കും കമ്മറമ്പിൽ അവകാശികളുടെ ചെണ്ടമേളം തുടങ്ങിയിരുന്നു.
തുടർന്ന് ശ്രീമൂലസ്ഥാനമായ വലിയകത്തൂട്ട്കോവിലകത്ത് ഭഗവതിക്ക് വെള്ളരി പൂജ, അറിയളവ്, കാഹളം മുഴക്കൽ, പുറത്തെ വെളിച്ചപ്പാടിന്റെ തിയ്യാട്ട് ഉണർത്തൽ, കോയ്മ അവകാശികൾക്ക് പട്ടുകൊടുക്കൽ എന്നിവക്കു ശേഷമാണ് ആഴ് വാഞ്ചേരി തമ്പ്രാക്കളുടെ കോയ്മദേശത്തെ ആശാരിമാർക്ക് മരം മുറിക്കാനുള്ള അനുവാദം നൽകിയത്.
തുടർന്ന് കോലത്ത് നായർ ഭഗവതിയുടെ കുത്തുവിളക്കുമായി മരം മുറിക്ക് അവകാശികളായ ആശാരിമാരുമായി പുറപ്പെട്ട് 18ാം നാഴികക്കാണ് വഴിപാടു നേർന്ന വരിക്കപ്ലാവ് ഇലയും ചില്ലകളും മുറിക്കാതെ വെട്ടിവീഴ്ത്തിയത്.
വെള്ളിയാഴ്ച നടക്കുന്ന വലിയ തീയ്യാട്ടിന്റെ കനലാട്ടത്തിനുള്ള വരിക്കപ്ലാവ് ഇതേ ചടങ്ങുകളോടെ ബുധനാഴ്ചയാണ് മുറിക്കുക. സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളും ഭാഗഭാക്കാവുന്ന കാർഷിക സംസ്കൃതിയുടെയും മതമൈത്രിയുടെയും ഉത്സവമാണ് വൈരങ്കോട് തിയ്യാട്ടുത്സവം.