വൈലത്തൂർ: പൊന്മുണ്ടം പഞ്ചായത്ത് ഒന്നാം വാർഡിലെ ആറുകണ്ടം – പെരിഞ്ചേരി റോഡ് തകർന്ന് നാട്ടുകാർ ദുരിതത്തിൽ. ടാർ ഇളകി വലിയ കുഴികൾ രൂപപ്പെട്ട റോഡിൽ കാൽനട യാത്ര പോലും സാധ്യമാകാത്ത അവസ്ഥയാണ്. കുടിവെള്ള പൈപ്പിടാൻ കീറിയ ചാലിലൂടെ മഴവെള്ളം ഒഴുകി റോഡ് പൂർണമായും തകർന്ന നിലയിലാണ്. നിരവധി വീട്ടുകാരുടെ ആശ്രയമായ റോഡ് വർഷങ്ങളായി തകർന്ന് കിടന്നിട്ടും ഗതാഗത യോഗ്യമാക്കാൻ വേണ്ട നടപടി ബന്ധപ്പെട്ട അധികൃതരിൽ നിന്നുണ്ടാകാത്തത് പ്രദേശവാസികളുടെ എതിർപ്പിനിടയാക്കിയിട്ടുണ്ട്. ഈ ഭാഗത്തെ രോഗികളും വിദ്യാർഥികളടക്കമുള്ളവരാണ് റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാത്തതിനാൽ ഏറെ ബുദ്ധിമുട്ടനുഭവിക്കുന്നത്. ഇതു സംബന്ധിച്ച് പല തവണ നാട്ടുകാർ വാർഡ് അംഗത്തിനും പഞ്ചായത്തിലും പരാതി നൽകിയെങ്കിലും അനുകൂല നടപടി ഉണ്ടായില്ലെന്ന് നാട്ടുകാർ കുറ്റപ്പെടുത്തുന്നു.