കൽപകഞ്ചേരി: സംസ്ഥാന എബിലിറ്റി മിഷൻ കേരള നൽകുന്ന ഈ വർഷത്തെ ടി.എം.കെ ഗാന്ധി പീസ് പുരസ്‌കാരം യുവ സംരംഭകനും പാരാ സ്വിമ്മിങ് സംസ്ഥാന നീന്തൽ താരവുമായ കൽപകഞ്ചേരി പറവന്നൂർ സ്വദേശി സുബൈർ നെല്ലാറ അർഹനായി. ഭിന്ന ശേഷിക്കാരുടെ ഉന്നമനത്തിനു വേണ്ടി പ്രയത്നിക്കുന്ന വിവിധ സംഘടനകളിലെ അംഗമായ സുബൈർ കഴിഞ്ഞ സംസ്ഥാന പാരാ സ്വിമ്മിങ് ജേതാവാവുകയും ഗ്വാളിയോറിൽ നടന്ന ദേശീയ പാരാ സ്വിമ്മിങ് മത്സരത്തിൽ കേരളത്തെ പ്രതിനിധീകരിച്ചു പങ്കെടുക്കുകയും ചെയ്തു മികച്ച വിജയം കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട്. പരിമിതികളെ അതിജീവിച്ചു യുവ സംരംഭക രംഗത്തും സജീവയുള്ള സുബൈർ സ്റ്റുഡന്റസ് ഇനിഷ്യറ്റീവ് പാലിയേറ്റീവ് രംഗത്തെ മാർഗദർശകനായും പ്രവർത്തിക്കുന്നുണ്ട്. തൃശ്ശൂരിൽ വെച്ച് നടന്ന സംസ്ഥാന ക്ലബ് പാരാ സ്വിമ്മിങ് മത്സര 200 മീറ്റർ ,400 മീറ്റർ ഇനങ്ങളിൽ സ്വർണ മെഡലും കരസ്ഥമാക്കിയിട്ടുണ്ട്.
ആഗസ്റ്റ് 5ന് തിരുവനന്തപുരം തൈക്കാട് കേരള ഗാന്ധി സ്മാരക ഹാളിൽ നടക്കുന്ന ദിസ് എബിലേഴ്‌സ് സ്റ്റേറ്റ് കോൺഫറൻസ് 24ൽ സംസ്ഥാന ഭിന്ന ശേഷി കൺവീനർ എസ്.എച്ച് പഞ്ചാപകേശവൻ പുരസ്‌കാരം സമ്മാനിക്കും.