തിരൂർ: 15 കോടിയോളം രൂപ വിലവരുന്ന നിരോധിത വിദേശ സിഗരറ്റ് ശേഖരം കോഴിക്കോട് കസ്റ്റംസ് ഉദ്യോഗസ്‍ഥർ തിരൂരിലെ ഗോഡൗണില്‍നിന്ന് പിടികൂടി. മൂന്ന് റൂമുകളിലായി സൂക്ഷിച്ച സിഗരറ്റ് ശേഖരമാണ് പിടികൂടിയത്. കൊച്ചിയില്‍ നിന്ന് കടല്‍ മാർഗമെത്തിച്ച ഇവ കണ്ടെയ്‌നറുകളില്‍ തിരൂരില്‍ കൊണ്ടുവന്ന് സൂക്ഷിക്കുകയായിരുന്നെന്നാണ് നിഗമനം. പല ഭാഗങ്ങളിലെത്തിച്ച് വില്‍പന നടത്തുകയായിരുന്നു ലക്ഷ്യം. മറ്റുചിലയിടങ്ങളില്‍ കസ്‌റ്റംസ് നടത്തിയ പരിശോധനയില്‍ കുറഞ്ഞ അളവില്‍ ഇത്തരം സിഗരറ്റ് കണ്ടെത്തിയിരുന്നു. ഈ അന്വേഷണമാണ് തിരൂരിലെ ഗോഡൗണില്‍ എത്തിച്ചത്.
കോഴിക്കോട് കസ്‌റ്റംസ് പ്രിവൻറിവ് കമീഷണർ പത്മാവതി, ജോയന്റ് കമീഷണർ ആദിത്യ, ഡെപ്യൂട്ടി കമീഷണർ ആനന്ദകുമാർ എന്നിവരുടെ നിർദേശപ്രകാരം സൂപ്രണ്ട് എൻ.പി. ഗോപിനാഥിന്റെ നേതൃത്വത്തില്‍ സൂപ്രണ്ടുമാരായ എം. സിലീഷ്, അരുണ്‍കുമാർ, ഇൻസ്പെക്‌ടർമാരായ അശ്വന്ത്, അമീൻ, രാജീവ് ബിഹുല്‍ പണ്ഡിറ്റ്, ഡ്രൈവർ സത്യനാരായണൻ. ഹെഡ് ഹവില്‍ദാർ മുകേഷ് എന്നിവരടങ്ങിയ സംഘമാണ് സിഗരറ്റ് പിടികൂടിയത്.