തിരൂർ: വെട്ടം ബാവുത്തങ്ങാടിയിൽ പന്നി ശല്യം രൂക്ഷമായതോടെ പ്രദേശവാസികൾ പ്രയാസത്തിൽ. വെട്ടം പഞ്ചായത്തിലെ ഒമ്പതാം വാർഡിലാണ് പന്നിശല്യം രൂക്ഷമായത്. കൃഷികൾ വൻതോതിൽ നശിപ്പിക്കുന്നതായി പരാതി വ്യാപകമാണ്. തെങ്ങ്, വാഴ തുടങ്ങിയ കൃഷികളാണ് രാത്രി കാലങ്ങളിൽ പന്നികൾ കൂട്ടമായി വന്ന് നശിപ്പിക്കുന്നത്. പകൽ സമയങ്ങളിലും പന്നികളിറങ്ങുന്നത് പ്രദേശവാസികളെ ഭീതിയിലാക്കുന്നുണ്ട്. അംഗൻവാടികൾ ഉൾപ്പെടെയുള്ള പ്രദേശമാണിത്. പകൽ സമയത്തും പന്നികൾ നിരത്തിലിറങ്ങുന്നത് മൂലം അങ്കൻവാടികൾ വരെ പ്രവർത്തിക്കുന്നത് മുൻകരുതലോടെയാണ്.
പന്നി ശല്യം രൂക്ഷമായിട്ടും പഞ്ചായത്ത് അധികൃതർ ഇടപെടുന്നില്ലെന്ന ആക്ഷേപം ശക്തമായിട്ടുണ്ട്. അധികൃതരുടെ മൗനം പ്രദേശവാസികൾക്കിടയിലും അമർഷത്തിനിടയാക്കിയിരിക്കുകയാണ്.