വൈലത്തൂർ മുതൽ തലക്കടത്തൂർ വരെയുള്ള ഗതാഗതക്ലേശത്തിനു അടിയന്തര പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈ സേഷൻ ജില്ലാ ഭാരവാഹികൾ കളക്ടർ വി.ആർ. വിനോദിനു നിവേദനം നൽകി. ജല അതോറിറ്റിയുടെയും പൊതുമരാമത്ത് വകുപ്പിന്റെയും പണികൾക്കായി അഞ്ചു കിലോമീറ്ററുള്ള റോഡ് മൂന്നു വർഷത്തോളമായി പൊളിച്ചിട്ടിരിക്കുകയാണ്. ഇതിലൂടെയുള്ള ബസുകളടക്കമുള്ള വാഹനങ്ങൾ 10 കിലോമീറ്റർ ദൂരം അധികമായി ഓടിയാണ് ലക്ഷ്യ സ്ഥാനത്തെത്തുന്നത്.
കാടാമ്പുഴ, കോട്ടയ്ക്കൽ, വളാഞ്ചേരി, ചെമ്മാട്, താനൂർ റൂട്ടുകളിൽ സർവീസ് നടത്തുന്ന ബസുകൾക്ക് ഇതുമൂലം വലിയ സാമ്പത്തികനഷ്ടമാണ് ഉണ്ടാകുന്നത്. യുദ്ധകാലാടിസ്ഥാനത്തിൽ പണി പൂർത്തീകരിച്ച് റോഡ് ഗതാഗതയോഗ്യമാക്കണമെന്ന് നിവേദനത്തിൽ ആവശ്യപ്പെട്ടു. ജില്ലാ ജനറൽ സെക്രട്ടറി എം.സി. കുഞ്ഞിപ്പ, വൈസ് പ്രസിഡന്റ് വാക്കിയത്ത് കോയ എന്നിവരാണ് നിവേദനം നൽകിയത്.