തിരൂർ: ഗവ. ജില്ലാ ആശുപത്രി മോർച്ചറിയിലെ ഫ്രീസറിൽ വെച്ച മൃതദേഹം അഴുകിയ നിലയിൽ. സംഭവത്തിൽ മനുഷ്യാവകാശ സംഘടന പരാതി നൽകി. മൂന്ന് ദിവസം മുൻപ് ട്രെയിൻ തട്ടി മരിച്ചയാളുടെ മൃതദേഹമാണ് ചീഞ്ഞു നാറിയത്. ഇതിന് മുൻപും ഫ്രീസർ കേടായതിനെ തുടർന്ന് ആശുപത്രിയിൽ ഇതേപോലെ സംഭവം ഉണ്ടായിട്ടുണ്ട്. മൃതദേഹത്തോട് ചെയ്യുന്ന ഇത്തരം അനാദരവ് പൊറുപ്പിക്കാൻ കഴിയില്ലെന്നും ആശുപത്രി അധികാരികൾക്കെതിരെ കടുത്ത ശിക്ഷാ നടപടികൾ എടുക്കണമെന്നും കാണിച്ച് ദേശീയ മനുഷ്യാവകാശ സംഘടനയായ നാഷണൽ ഫോറം ഫോർ പീപ്പിൾസ് റൈറ്റ്സ് മുഖ്യമന്ത്രി, ആരോഗ്യ വകുപ്പ് മന്ത്രി, സ്ഥലം എം.എൽ.എ., ജി ആരോഗ്യ വകുപ്പ് ഡയറക്ടർ, ജില്ലാ കലക്ടർ,ജില്ലാ മെഡിക്കൽ ഓഫീസർ എന്നിവർക്ക് പരാതി നൽകി. ജില്ലാ ആശുപത്രി സൂപ്രണ്ടിനോട് കാര്യം ചോദിച്ചപ്പോൾ ഫ്രീസർ ചെറുതായി കേടു വന്നതാണെന്നാണ് പറഞ്ഞത്. സംഭവത്തിൽ ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥർ ഒഴിഞ്ഞു മാറുകയാണെന്നും എച്ച്.എം.സി.അംഗങ്ങൾ വിഷയം അറിഞ്ഞില്ലെന്ന് പറഞ്ഞതായും സംഘടനാ ഭാരവാഹികളായ മനാഫ് താനൂർ, എ.പി.അബ്ദുൾ സമദ്, റഷീദ് തലക്കടത്തൂർ, മജീദ് മൊല്ലഞ്ചേരി ,മ പി.എ.ഗഫൂർ താനൂർ, മുസ്തഫ ഹാജി പുത്തൻതെരു, കുഞ്ഞിമുഹമ്മദ് നടക്കാവ് എന്നിവർ പറഞ്ഞു.