താനൂർ: 12കാരിയെ പീഡിപ്പിച്ച കേസിൽ 57 വയസ്സുകാരന് 45 വര്‍ഷം കഠിന തടവും 30,000 രൂപ പിഴയും വിധിച്ചു. താനാളൂര്‍ പട്ടരുപറമ്പ് മമ്മിക്കാനകത്ത് മുഹമ്മദ് ഹനീഫയെയാണ് ( 57) കസ്റ്റഡിയിലിരിക്കെ വിചാരണ നടത്തി ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ ആറ് മാസം അധിക തടവനുഭവിക്കണം. താനൂര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് പ്രതിയെ 2023 മെയ് 25നാണ് അറസ്റ്റ് ചെയ്തത്. കസ്റ്റഡിയിലിരിക്കെത്തന്നെ വിചാരണ നടത്തണമെന്ന പൊലീസിന്റെ അപേക്ഷ പ്രകാരം വിചാരണ നടത്തിയ കേസില്‍ തിരൂര്‍ ഫാസ്റ്റ് ട്രാക്ക് സ്പെഷല്‍ കോടതി ജഡ്ജ് റെനോ ഫ്രാന്‍സിസ് സേവ്യഞാണ് ട്രയൽ നടത്തി ശിക്ഷ വിധിച്ചത്. പിഴത്തുകയിൽ 25000 രൂപ അതിജീവിതക്ക് നല്‍കാനും ഉത്തരവായി. കൂടാതെ വിക്ടിം കോമ്പന്‍സേഷന്‍ സ്കീം പ്രകാരം മതിയായ നഷ്ടപരിഹാരം അനുവദിക്കാൻ ജില്ല ലീഗല്‍ സര്‍വ്വീസ് അതോറിറ്റിയോട് നിര്‍ദ്ദേശിച്ചു. തിരൂര്‍ പൊലീസ് ഇന്‍സ്പെക്ടറായിരുന്ന ജീവന് ജോര്‍ജായിരുന്നു അന്വേഷണോദ്യോഗസ്ഥന്. പ്രോസിക്യൂഷന് വേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. അശ്വനി കുമാര്‍ ഹാജരായി. ലൈസണ്‍ വിങ്ങിലെ അസി.സബ് ഇന്‍സ്പെക്ടര്‍ എന്‍.പി. സീമ സഹായിച്ചു. പ്രതിയെ തവനൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് അയച്ചു.