തിരുന്നാവായ: പിതൃമോക്ഷം തേടിയെത്തിയ ആയിരങ്ങൾ നിള നദിക്കരയിൽ ത്രിമൂർത്തികളുടെ അനുഗ്രഹത്തോടെ ബലിതർപ്പണം നടത്തി. പുലർച്ചെ 2 മണിയോടെയാണു നവാമുകുന്ദ ക്ഷേത്രക്കടവിൽ ബലി തർപ്പണ ചടങ്ങുകൾ ആരംഭിച്ചത്. ഇന്നലെ രാത്രി തന്നെ ഇവിടെ സ്ത്രീകളടക്കം നൂറുകണക്കിനാളുകൾ എത്തിയിരുന്നു. ക്ഷേത്രമുറ്റത്തും കടവുകളിലും ദേവസ്വം സത്രത്തിലുമെല്ലാമാണ് ഇവർ രാത്രി ചെലവഴിച്ചത്. ത്രിമൂർത്തികളുടെ സാന്നിധ്യമുള്ളതിനാലാണ് ഇവിടെ ബലിതർപ്പണത്തിനു പ്രാധാന്യമേറുന്നത്. ഗംഗ, യമുന, ഗോദാവരി, സരസ്വതി, നർമദ, സിന്ധു, കാവേരി എന്നീ പുണ്യനദികളുടെ സാന്നിധ്യം നിളയിൽ ഈ സമയം ഉണ്ടാകുമെന്നാണ് വിശ്വാസം 17 കർമികളാണു ബലിതർപ്പണത്തിനു നേതൃത്വം നൽകിയത്. മഴയെ തുടർന്നു നിറഞ്ഞൊഴുകിയ ഭാരതപ്പുഴയിൽ വെള്ളം കുറഞ്ഞു ശാന്തമായതോടെ കടവിൽ 11 പടികൾ വരെ ഉപയോഗിക്കാൻ സാധിച്ചു. ദക്ഷിണായനത്തിലെ ആദ്യ അമാവാസിയാണ് ഇന്ന്. അതുതന്നെയാണു കർക്കടക വാവിന്റെ പ്രാധാന്യവും. ഇന്നു ബലി സമർപ്പിച്ചാൽ പിതൃക്കൾക്കു മോക്ഷം ലഭിക്കു മെന്നാണു വിശ്വാസം. തിരുനാവായ ക്ഷേത്രക്കടവ് ഉൾപ്പെടെ ഭാരതപ്പുഴയുടെ ഒട്ടേറെ തീരങ്ങളിൽ വിശ്വാസികൾ ഇന്നു ബലിതർപ്പണം നടത്തി
പൊലീസും, അഗ്നിരക്ഷാസേനയും, മുങ്ങൽ വിദഗ്‌ധരും സുരക്ഷാ സന്നഹങ്ങളും സജ്ജമായിരുന്നു.