കോഴിക്കോട് ലുലു മാളില്‍ നിസ്കാര മുറിയിൽ കയറി 10 മാസം പ്രായമുള്ള കുട്ടിയുടെ സ്വര്‍ണമാല കവര്‍ന്ന കേസില്‍ ദമ്പതികള്‍ പിടിയില്‍.
കാസര്‍കോട് തൃക്കരിപ്പൂര്‍ സ്വദേശിയായ ഫസിലുല്‍ റഹ്മാന്‍(35), കണ്ണൂര്‍ തളിപ്പറമ്ബ് സ്വദേശിനി ഷാഹിന (39) എന്നിവരെയാണ് കസബ പോലീസും ടൗണ്‍ അസിസ്റ്റന്‍റ് കമ്മീഷണര്‍ അഷ്‌റഫ് തെങ്ങിലക്കണ്ടിയുടെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്‌ക്വാഡും ചേര്‍ന്ന് പിടികൂടിയത്.
വ്യാഴാഴ്ചയാണ് കേസിന് ആസ്പദമായ സംഭവം. ലുലു മാളില്‍ രക്ഷിതാക്കളോടൊപ്പം എത്തിയ 10 മാസം പ്രായമുള്ള കുട്ടിയുടെ കഴുത്തിലെ ഒന്നേകാല്‍ പവന്‍ സ്വര്‍ണമാലയാണ് പ്രതികള്‍പിടിച്ചുപറിച്ചത് . ലുലു മാളിലെ തിരക്കിനിടയില്‍ ആളുകളെ കണ്ണുവെട്ടിച്ച് പുറത്തിറങ്ങിയ പ്രതികള്‍ ഒരുമിച്ച് സഞ്ചരിക്കാതെ കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ എത്തി ട്രെയിന്‍ മാര്‍ഗം രക്ഷപ്പെടുകയായിരുന്നു.
കുട്ടിയുടെ ഉമ്മയുടെ പരാതി പ്രകാരം കേസെടുത്ത് അന്വേഷണം നടത്തിയ കസബ പോലീസ് ലുലു മാളിലെയും റെയില്‍വേ സ്റ്റേഷനിലെയും നിരവധി സിസിടിവി ദൃശ്യങ്ങള്‍ പരിശോധന നടത്തി പ്രതികളെ തിരിച്ചറിയുകയായിരുന്നു.