കൽപകഞ്ചേരി: “വർത്തമാന കടലാസ്” എന്ന വാർത്താ പരമ്പരയിലൂടെ ശ്രദ്ധേയയായ കൽപകഞ്ചേരി കല്ലിങ്ങൽ പറമ്പ് സ്വദേശി സി.പി. അരുണിമയെ ഇന്ത്യൻ വർത്തമാന പത്ര ദിനാചരണത്തിൽ എക്സലൻ്റ് എജ്യൂക്കേഷൻ ഫൗണ്ടേഷൻ ആദരിച്ചു.
മലയാളം, ഇംഗ്ലീഷ് മുഖ്യധാര പത്രങ്ങളിലെ പ്രധാന വാർത്തകളാണ് ദിവസവും സമൂഹമാധ്യമങ്ങളിലൂടെ അരുണിമ ശ്രോതാക്കളുടെ കാതുകളിലേക്ക് എത്തിക്കുന്നത്. അരുണിമയുടെ വാർത്ത പരമ്പര ഇതോടെ 544 എപ്പിസോഡുകൾ പൂർത്തിയാക്കി ജൈത്രയാത്ര തുടരുകയാണ്. സ്വദേശത്തും വിദേശത്തുമായി നിരവധി വാട്സാപ്പ് ഗ്രൂപ്പുകളിലൂടെയും എഫ്.എം റേഡിയോയിലൂടെയും നൂറുക്കണക്കിന് ആളുകളാണ് എന്നും രാവിലെ വർത്തമാന കടലാസ് കേട്ടുകൊണ്ടിരിക്കുന്നത്. കല്ലിങ്ങൽ പറമ്പ് എം എസ് എം ഹയർ സെക്കൻ ഡറി സ്കൂളിലെ പ്ലസ് ടു വി ദ്യാർഥിനിയാണ് അരുണിമ. നൃത്തത്തിലും ചരിത്രരചനയിലും കഴിവ് തെളിയിച്ച അരുണിമ, ഗൈഡ്സ് രാജ്യ പുരസ്കാർ ടെസ്റ്റിലും, എസ് എസ് എൽ സി പരീക്ഷയലും മികച്ച നേട്ടം കൈവരിച്ചിട്ടിട്ടുണ്ട്. എക്സലൻ്റ് എജ്യുക്കേഷൻ ഫൗണ്ടേഷൻ്റെ ഉപഹാരം തിരൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി.വി. റംഷീദ ടീച്ചർ അരുണിമയ്ക്ക് സമ്മാനിച്ചു. ഇ.പി.എ. ലത്തീഫ്, എ.പി. ജമീല, സി.കെ ലത്തീഫ്, കെ.എം. ഹനീഫ, ജലീൽ തൊട്ടി വളപ്പിൽ എന്നിവർ പങ്കെടുത്തു. സാംസ്കാരിക പ്രവർത്തകനും കൽപകഞ്ചേരി പ്രസ് ഫോറം സെക്രട്ടറിയുമായ സി.പി രാധാകൃഷ്ണന്റെ മകളാണ് അരുണിമ. മാതാവ്: സരളകുമാരി സഹോദരൻ: അരുൺ