താനൂർ: ജില്ല പഞ്ചായത്ത് വാർഷിക പദ്ധതിയിൽ 15 ലക്ഷം രൂപ വകയിരുത്തി നവീകരിച്ച താനാളൂർ പഞ്ചായത്തിലെ മഞ്ഞാഴി തോടിന്റെ ഉദ്ഘാടനം ജില്ല പഞ്ചായത്ത് മെംബർ വി.കെ.എം ഷാഫി നിർവഹിച്ചു.
താനാളൂർ പഞ്ചായത്തിലെ 3,19 വാർഡുകളിലൂടെ കടന്നുപോകുന്നതും പാലക്കുറ്റിത്താഴം വഴി കനോലി കനാലിലേക്ക് ചേരുന്നതുമായ മഞ്ഞാഴി തോടിന്റെ നവീകരണംവഴി പ്രദേശത്തെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനും സുഗമമായ നീരൊഴുക്കിനും പാർശ്വഭിത്തി ബലപ്പെടുത്തുകവഴി നടപ്പാത ഗതാഗതയോഗ്യമാക്കുന്നതിനും സാധ്യമാകും. പാലക്കുറ്റിത്താഴം തോട് നവീകരണത്തിനും കനോലി കനാൽ വി.സി.ബി നവീകരണത്തിനുമായി നഗരസഞ്ചയം പദ്ധതിയിൽ 5 കോടി രൂപയുടെ പ്രൊപ്പോസൽ സമർപ്പിച്ചിട്ടുണ്ടെന്ന് ജില്ല പഞ്ചായത്ത് മെംബർ വി.കെ.എം എം. ഷാഫി പറഞ്ഞു. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എം. മല്ലിക അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ. ഫാത്തിമ ബീവി, പി. ജ്യോതി, തെയ്യമ്പാടി കുഞ്ഞിപ്പ, സി. നാദിർഷ, പി.എ. മുസ്തഫ, കെ. ബഷീർ, വി.എൻ. കുഞ്ഞാവ ഹാജി, ഷാജി കള്ളിയത്ത്, ഫാറൂഖ് പകര, സി. മനോജ്, പി.എസ്. സഹദേവൻ, ടി.പി. സലിം തുടങ്ങിയവർ സംസാരിച്ചു.