താനൂർ: 22പേരുടെ മരണത്തിനിടയാക്കിയ താനൂർ ബോട്ട് ദുരന്തവുമായി ബന്ധപ്പെട്ട് നടക്കുന്ന ജുഡീഷ്യൽ അന്വേഷണത്തിന്റെ പരിധിയിൽ മന്ത്രിയും താനൂർ എം.എൽ.എയുമായ വി. അബ്ദുറഹ്മാൻ, പൊതുമരാമത്തു മന്ത്രി മുഹമ്മദ് റിയാസ് എന്നിവരുടെ പങ്കു കൂടി ഉൾപ്പെടുത്തണമെന്ന് മുസ്ലിം ലീഗ് താനൂർ നിയോജകമണ്ഡലം കമ്മിറ്റി അന്വേഷണ കമീഷൻ മുമ്പാകെ ആവശ്യപ്പെട്ടതായി നേതാക്കൾ അറിയിച്ചു. ദുരന്തത്തിന്റെ കാരണങ്ങൾ അന്വേഷിക്കുന്ന ജസ്റ്റിസ് മോഹനൻ കമീഷൻ പൊതുജനങ്ങൾക്കും സംഘടനകൾക്കും വ്യക്തികൾക്കും പരാതികളും നിർദേശങ്ങളും സമർപ്പിക്കാൻ ജനുവരി ഒന്ന് വരെ സമയം നൽകിയിരുന്നു. മരിച്ചവരുടെ ആശ്രിതർക്ക് ഒരു കോടി രൂപ വീതം നഷ്ടപരിഹാരം നൽകണമെന്നും പത്രികയിൽ ലീഗ് ആവശ്യപ്പെട്ടിട്ടുണ്ട്.