വൈലത്തൂർ: താനൂർ ബ്ലോക്ക് പഞ്ചായത്ത് 18 ലക്ഷം രൂപ ഫണ്ട് വകയിരുത്തി നിർമ്മിച്ച ചോലക്കാട്ടിൽ മുഹമ്മദ് എന്ന മാനു ഹാജി സ്മാരക അംഗനവാടി കെട്ടിടം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സൈനബ ചേനാത്ത് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി. നിയാസ് അധ്യക്ഷത വഹിച്ചു. പൊന്മുണ്ടം പഞ്ചായത്തിലെ ഒമ്പതാം വാർഡിൽ സ്ഥിതി ചെയ്യുന്ന അംഗനവാടിയുടെ കെട്ടിടനിർമാണത്തിന് ബ്ലോക്ക് പഞ്ചായത്ത് 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഫണ്ട് അനുവദിച്ചത്. വർഷങ്ങളായി വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന അംഗനവാടിക്കാണ് സ്വന്തമായ കെട്ടിടം വേണമെന്ന നാട്ടുകാരുടെ ആവശ്യമാണ് ഇതോടെ യാഥാർത്ഥ്യമായത്. പൊൻമുണ്ടം പഞ്ചായത്തിലെ ആദ്യ ശീതീകരിച്ച അംഗനവാടി എന്ന പ്രത്യേകതയും ഈ അംഗനവാടിക്കുണ്ട്.
സൗജന്യമായി സ്ഥലം വിട്ടുനൽകിയ സി.കെ.കാദർ ഹാജിയെ ചടങ്ങിൽ ആദരിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ് കുണ്ടിൽ ഹാജറ മുഖ്യാതിഥിയി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.കെ.എ ജലീൽ, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി കെ ഉമ്മർ ഹാജി, ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീദേവി പ്രാക്കുന്ന്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എൻ.വി നിധിൻ ദാസ് തുടങ്ങിയവർ പങ്കെടുത്തു.