താനൂർ: ഒഴൂരിൽ വച്ച് ഒന്നേമുക്കാൽ കോടി രൂപയുടെ സ്വർണ്ണക്കവർച്ച നടത്തിയ കേസിൽ പ്രധാന സൂത്രധാരൻ പിടിയിൽ. ആതവനാട് സ്വദേശി വീട്ടിക്കാട്ടു കൊലരികാട്ട് ഫൈസൽ (35)ണ് താനൂർ പൊലീസിന്റെ പിടിയിലായത്. 2024 മെയ് 2ന് വൈകുന്നേരം 4.30നായിരുന്നു കവർച്ച നടന്നത്.
ജ്വല്ലറികളിലേക്ക് മൊത്തമായി സ്വർണം വിതരണം നടത്തുന്ന മഹാരാഷ്ട്ര സ്വദേശിയായ യുവാവിനെ അക്രമിച്ച് ഒന്നേമുക്കാൽ കോടി രൂപയുടെ സ്വർണം കവരുകയായിരുന്നു. നേരത്തേ ആറുപേരെ അറസ്റ്റ് ചെയ്തിരുന്നു. കോഴിക്കോട് ശുഭ് ഗോൾഡ് എന്ന സ്ഥാപനത്തിന്റെ ഉടമ പ്രവീൺ സിങ് രാജ്പുത് സ്ഥാപനത്തിലെ ജീവനക്കാരനായ മഹേന്ദ്ര സിങ് റാവു എന്നയാളുടെ കൈവശം കച്ചവടത്തിനായി ജ്വല്ലറികളിലേക്ക് കൊടുത്തയച്ച രണ്ടു കിലോ തൂക്കം വരുന്ന സ്വർണാഭരണങ്ങളും 43.5ഗ്രാം ഉരുക്കിയ സ്വർണക്കട്ടിയുമാണ് പ്രതികൾ കവർച്ച നടത്തിയത്. തിരൂരിൽ ആരംഭിക്കുന്ന അമര്‍ ഗോൾഡ് എന്ന ജ്വല്ലറിയിലേക്കായി സ്വർണം കാണാനെന്ന വ്യാജേനയാണ് പ്രതികൾ യുവാവിനെ വിളിച്ചു വരുത്തിയത്. സ്വർണവുയി മഹേന്ദ്ര സിങ് റാവു മഞ്ചേരിയിലെ ജ്വല്ലറിയിൽ പോയി തിരിച്ചു വരുന്നതിനിടയാണ് തെയ്യാലയിൽ എത്തിയത്. തെയ്യാല ബസ് സ്റ്റോപ്പിൽ എത്തിയ യുവാവിനെ ഒരാൾ വന്ന് മോട്ടോർ സൈക്കിളിൽ ചുരങ്ങരയിലെത്തിച്ചു. ഇവിടെവച്ച് ഒരു കാറിലേക്ക് കയറ്റി തട്ടിക്കൊണ്ടുപോകുകയും യുവാവിൻ്റെ കൈവശമുണ്ടായിരുന്ന ഒന്നേ മുക്കാൽ കോടി രൂപ വിലവരുന്ന സ്വർണം കവർച്ച ചെയ്യുകയുമായിരുന്നു. തുടർന്ന് മഹേന്ദ്ര സിങ് റാവുവിനെ ഒഴൂർ ഭാഗത്ത് ഉപേക്ഷിച്ച് സ്വർണവുമായി കടന്നുകളയുകയായിരുന്നു. സ്വർണ്ണ കവർച്ചയിൽ ഉൾപ്പെട്ട നിറമരുതൂർ വട്ടക്കിണർ കുന്നത്ത് മുഹമ്മദ് റിഷാദ് എന്ന ബാപ്പുട്ടി (32), തിരൂർ പച്ചാട്ടിരി സ്വദേശികളായ തറയിൽ മുഹമ്മദ് ഷാഫി (34), മരയ്ക്കാരകത്തു കളത്തിൽപറമ്പിൽ ഹാസിഫ് (35), താനൂർ ആൽബസാർ കുപ്പന്റെപുരയ്ക്കൽ റമീസ് (32), പട്ടാമ്പി ലിബർട്ടി സ്ട്രീറ്റ് പുതുമനതൊടി വിവേക് (25), മീനടത്തൂർ മന്നത്ത് നൗഫൽ (27) എന്നിവരെയാണ് നേരത്തെ അറസ്റ്റ് ചെയ്തത്. തട്ടിക്കൊണ്ടു പോകുവാൻ ഉപയോഗിച്ച കാർ ഓടിച്ചിരുന്ന ഡ്രൈവർ തിരുവേഗപ്പുറ സ്വദേശി മേലെപ്പാട്ടു രാജേഷ്, എളാരംകടപ്പുറം സ്വദേശി കോളിക്കാനകത്ത് ഇസ്ഹാക്ക് എന്നിവരെയും നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. താനൂർ സിഐ ടോണി ജെ മറ്റം, എസ്ഐ എൻ ആർ സുജിത് എന്നിവരുടെ നേതൃത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്







