കൽപകഞ്ചേരി: കൽപകഞ്ചേരി കല്ലിങ്ങൽ പറമ്പ് എം.എസ്.എം ഹയർ സെക്കൻഡറി സ്കൂളിലെ സ്കൗട്ട് ആൻഡ് ഗൈഡ്സ് ക്യാമ്പിലെത്തിയ വിദ്യാർത്ഥികൾ നിലമ്പൂർ നെടുങ്കയം പുഴയിൽ മുങ്ങിമരിച്ചു. വെള്ളിയാഴ്ച്ച വൈകുന്നേരം ആറ് മണിയോടെയാണ് അപകടം സംഭവിച്ചത്. ആയിഷ റുദ, ഫാത്തിമ മുർഷിന എന്നീ വിദ്യാർഥികളാണ് മരിച്ചത്. വൈകുന്നേരം നാല് മണിയോടെ നെടുങ്കയത്ത് എത്തിയ സംഘം കരിമ്പുഴയിൽ കുളിക്കുന്നതിനിടെയാണ് അപകടം. കുളിക്കുന്നതിനിടെ മൂന്ന് കുട്ടികൾ വെള്ളത്തിൽ മുങ്ങിയിരുന്നെങ്കിലും ഒരു കുട്ടിയെ കൂടെയുണ്ടായിരുന്ന അധ്യാപകൻ രക്ഷപ്പെടുത്തുകയായിരുന്നു. മുങ്ങി താഴ്ന്ന രണ്ട് കുട്ടികളെ വനം ഡ്രൈവർ സിദ്ദീഖലി, നെടുങ്കയം കോളനിക്കാരും മുങ്ങിയെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഉടൻ നിലമ്പൂർ ജില്ലാ ആശുപത്രിയിലെത്തിച്ചു.