കണ്ണൂർ: കോളിളക്കം സൃഷ്ടിച്ച സൗമ്യ കൊലക്കേസ് പ്രതി ഗോവിന്ദച്ചാമി ജയില്‍ ചാടി. ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുകയായിരുന്ന പ്രതി കണ്ണൂർ സെൻട്രല്‍ ജയിലില്‍നിന്നാണ് തടവുചാടിയത്. അതീവസുരക്ഷയുള്ള പത്താം നമ്പർ ബ്ലോക്കിലെ സെല്ലില്‍ ഗോവിന്ദച്ചാമി ഒറ്റയ്ക്കായിരുന്നുവെന്നാണ് വിവരം. സെല്ലിലെ കമ്പി വളച്ചാണ് ഇയാള്‍ പുറത്തിറങ്ങിയതെന്ന് സംശയിക്കുന്നു.
2011 ഫെബ്രുവരി ഒന്നിന് ഷൊർണൂർ പാസഞ്ചർ ട്രെയിനില്‍വെച്ച് യുവതിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ഇയാള്‍. കൊച്ചിയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായ യുവതി എറണാകുളം- ഷൊർണൂർ പാസഞ്ചർ ട്രെയിനില്‍ വീട്ടിലേക്ക് മടങ്ങുമ്പോൾ ട്രെയിനില്‍നിന്ന് തള്ളിയിട്ട് ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയെന്നാണ് കേസ്.
തൃശൂർ അതിവേഗ കോടതിയും കേരള ഹൈക്കോടതിയും ഇയാള്‍ക്ക് വധശിക്ഷ വിധിച്ചിരുന്നെങ്കിലും സുപ്രീം കോടതി ജീവപര്യന്തമായി കുറക്കുകയായിരുന്നു. 2016-ലാണ് ഗോവിന്ദച്ചാമിയുടെ വധശിക്ഷ സുപ്രീം കോടതി റദ്ദാക്കിയത്. കൊലപാതകം സംശയാതീതമായി തെളിയിക്കാനായില്ലെന്ന് നിരീക്ഷിച്ചാണ് സുപ്രീം കോടതി ഹൈക്കോടതിയുടെ വധശിക്ഷാ വിധി റദ്ദാക്കിയത്. അതേസമയം, ബലാത്സംഗം നടന്നതായി ബോധ്യപ്പെട്ടിട്ടുണ്ടെന്നും ഇതിന് ഹൈക്കോടതി നല്‍കിയ ജീവപര്യന്തം ശിക്ഷയും മറ്റു വകുപ്പുകള്‍ പ്രകാരം നല്‍കിയ ശിക്ഷകളും നിലനില്‍ക്കുമെന്നും കോടതി വിധിന്യായത്തില്‍ വ്യക്തമാക്കിയിരുന്നു.