കേരളത്തിന്റെ സമഗ്രമായ കായികവികസനം ലക്ഷ്യം വെച്ച് പൊതു – സ്വകാര്യ സംയുക്ത സംരംഭത്തിന്റെ ഭാഗമായി ദുബായ് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന റീജൻസി ഗ്രൂപ്പ് 250 കോടി രൂപ നിക്ഷേപിക്കാൻ ധാരണയായി. ഇത് സംബന്ധിച്ചുള്ള ധാരണ പത്രം തിരുവനന്തപുരത്ത് വച്ച് കൈമാറി. ആദ്യപടിയായി 50 കോടി രൂപ റീജൻസി ഗ്രൂപ്പ് നിക്ഷേപിക്കും. കായികമന്ത്രി വി. അബ്ദുറഹിമാനും റീജൻസി ഗ്രാൻഡ് ഗ്രൂപ്പ് എം.ഡി ഡോ. അൻവർ അമീൻ ചേലാട്ടും
തമ്മിൽ നടത്തിയ ചർച്ചയിലാണ് തീരുമാനമുണ്ടായത്. ബാക്കി തുക നാലു വർഷത്തിനകമാണ് നിക്ഷേപിക്കുക. കേരളത്തിലെ സർക്കാർ സ്‌കൂളുകളിലെയും മറ്റു ഉയർന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും കുട്ടികൾക്ക് ആവശ്യമായ ഉന്നത നിലവാരത്തിലുള്ള ഹൈടെക് കായിക ഉപകരണങ്ങൾ, സ്പോർട്സ് യൂണിഫോം, മറ്റു സ്പോർട്സ് സാമഗ്രികൾ എന്നിവയുടെ നിർമ്മാണവും വിതരണവുമാണ് ലക്ഷ്യം. കായിക വകുപ്പ് സെക്രട്ടറി പ്രണാബ് ജ്യോതിനാഥ് ഐ.എ.എസ് നേതൃത്വം നൽകി.