കോട്ടക്കൽ : ചരിത്ര സത്യങ്ങളെ വളച്ചൊടിക്കാനുള്ള ശ്രമങ്ങൾ വ്യാപകമായി വരുന്നുണ്ടെന്നും അത്തരം ഇടപെടലുകളെ സമൂഹം വളരെ ഗൗരവത്തോടെ നേരിടണമെന്നും മുൻ ഡി ജി പി അലക്സാണ്ടർ ജേക്കബ് ഐ പി എസ്. രണ്ടത്താണി ജാമിഅ നുസ്റത് ഇരുപത്തഞ്ചാം വാർഷികമായ ‘സിൽവറി നുസ്റതി’ന്റെ ഭാഗമായി സംഘടിപ്പിക്കപ്പെടുന്ന ഇഖ്റ ഗ്ലോബൽ ഖുർആൻ ഗാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയുടെ പാവനമായ ചരിത്ര യാഥാർത്ഥ്യങ്ങളെ മറച്ചു വെക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ചരിത്രത്തിലെ വീരപുരുഷന്മാരെ വികലമായി അവതരിപ്പിക്കപ്പെടുന്ന സ്ഥിതിവിശേഷം കാണപ്പെടുന്നു എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഖുർആനുമായി ബന്ധപ്പെട്ട ചർച്ചകൾ ജനകീയമാക്കുക എന്ന ലക്ഷ്യത്തോടെ നടത്തപ്പെട്ട വിവിധ സെഷനുകൾക്ക് ശാഫി സഖാഫി മുണ്ടമ്പ്ര, ഇബ്രാഹിം സഖാഫി പുഴക്കാട്ടിരി, റഷീദ് ഹുദവി ഏലംകുളം, ഹനീഫ് സഖാഫി, ഹാഫിള് നുഅമാൻ, ശരീഫ് ബാഖവി, മുഹ്‌യിദ്ധീൻ സഖാഫി കാവനൂർ, അയ്യൂബ് പി എം, ശരീഫ് കമാൽ നുസ്‌രി, യാസീൻ നൂറാനി തുടങ്ങിയവർ നേതൃത്വം നൽകി.
കേരളത്തിലെ വിവിധ സ്ഥാപനങ്ങളിൽ നിന്ന് വിദ്യാർഥികൾ പങ്കെടുത്ത ഖുർആൻ സംവാദ മത്സരത്തിൽ വിറാസ് മർകസ് നോളജ് സിറ്റി, ബുഖാരി ദഅവ കോളജ് കൊണ്ടോട്ടി, KKHM വളാഞ്ചേരി എന്നീ കാമ്പസുകൾ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി. ഡിബേറ്റ് മത്സരത്തിന് ഫൈസൽ അഹ്സനി രണ്ടത്താണി, ജമാലുദ്ധീൻ അഹ്സനി മഞ്ഞപറ്റ, സിബ്ഗത്തുള്ള സഖാഫി മണ്ണാർക്കാട്, നാസർ സുറൈജ് സഖാഫി എന്നിവർ നേതൃത്വം നൽകി.
അലി ബാഖവി ആറ്റുപുറം അധ്യക്ഷത വഹിച്ച വേദിയിൽ ശരീഫ് നുസ്‌രി കീനോട്ട് അവതരണവും അബ്ദുൽ ഹഫീള് അഹ്‌സനി സ്വാഗതവും പറഞ്ഞു.