പുത്തനത്താണി: പുത്തനത്താണിയിൽ ബസ് മറിഞ്ഞുണ്ടായ അപകടത്തിന് കാരണം ബസിന്റെ അമിതവേഗതയും റോഡിലെ മൺകൂനയുമാണെന്ന് നാട്ടുകാർ. ബുധാഴ്ച വൈകിട്ട് ആറോടെയാണ് കോഴിക്കോട് നിന്ന് ഗുരുവായൂരിലേക്ക് പോവുകയായിരുന്ന പാരഡൈസ് എന്ന സ്വകാര്യ ബസ് മറിഞ്ഞ് 16 യാത്രക്കാർക്ക് പരിക്കേറ്റത്. ദേശീയപാത 66 നിർമ്മാണത്തിന്റെ ഭാഗമായി റോഡിൽ ഉണ്ടായിരുന്ന മൺകൂനയിലും തുടർന്ന് ഡിവൈഡലും ഇടിച്ച് നിയന്ത്രണം വിട്ടാണ് ബസ് മറിഞ്ഞത്.

ഇടിയുടെ ആഘാതത്തിൽ ആക്സിൽ ഒടിഞ്ഞ് ബസ്സിന്റെ മുൻചക്രങ്ങൾ ഊരിതെറിക്കുകയും ചെയ്തു.

അപകടത്തിൽ പരിക്കേറ്റ യാത്രികരെ പുത്തനത്താണി, കോട്ടക്കൽ, വളാഞ്ചേരി എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല. അവധി ദിനമായതിനാൽ ബസിൽ അധികം യാത്രക്കാർ ഉണ്ടായിരുന്നില്ല. അപകടം നടന്ന സ്ഥലത്തിന് സമീപം നിർമ്മാണ കമ്പനി കുഴിച്ച കുഴിയിൽ വീണ് പൂളമംഗലം സ്വദേശിയായ ബൈക്ക് യാത്രികൻ മുൻപ് മരണപ്പെട്ടിരുന്നു. കൂടാതെ ആതവനാട് സ്വദേശികൾ സഞ്ചരിച്ച കാർ റോഡിന് സമീപത്ത് വച്ചിരുന്ന ഡിവൈഡറിൽ ഇടിച്ചും അപകടത്തിൽപ്പെട്ടിരുന്നു. നിരന്തരമായി ഈ ഭാഗങ്ങളിൽ അപകടം ഉണ്ടാകുന്നത് നാട്ടുകാർക്കാർ പ്രതിഷേധിച്ചു. നിർമ്മാണം നടക്കുന്ന ഭാഗത്ത് യാതൊരു സൂചന ബോർഡുകളും സ്ഥാപിക്കാതെയാണ് ദേശീയപാത നിർമ്മാണ കമ്പനി പ്രവർത്തി നടത്തുന്നതെന്നും ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് ഇടയ്ക്കിടെ ഉണ്ടാകുന്ന അപകടത്തിന് കാരണമെന്നും നാട്ടുകാർ പറഞ്ഞു.