പുത്തനത്താണി: ദേശീയപാത 66 നിർമ്മാണ പ്രവർത്തി നടക്കുന്ന പുത്തനത്താണി അതിരുമട മരമില്ലിന് സമീപം കാറും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു. കീഴ്ശേരി കുഴിഞ്ഞൊളം പാറമ്മൽ കാക്കകണ്ടിയിൽ കോഴിപ്പറമ്പൻ ബഷീർ (50) ആണ് മരിച്ചത്. മുസ്ലിം ലീഗ് പ്രവർത്തകനും കിഴിശ്ശേരിയിലെ ചുമട്ടു തൊഴിലാളിയുമാണ്. കൂടെയുണ്ടായിരുന്ന ഭാര്യ സുഹറ (48) പരിക്കുകളോടെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച പുലർച്ചെ ആറുമണിക്കാണ് അപകടം. കിഴിശ്ശേരിയിൽ നിന്ന് ചങ്ങരംകുളത്തുള്ള മകളുടെ വീട്ടിലേക്ക് പോവുകയായിരുന്ന ബഷീറും ഭാര്യ സുഹറയും സഞ്ചരിച്ച സ്കൂട്ടറും അങ്കമാലിയിൽ നിന്ന് വേങ്ങരയിലേക്ക് പോവുകയായിരുന്ന കാറും തമ്മിലാണ് കൂട്ടിയിടിച്ചത്. ഉടൻതന്നെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ബഷീറിന്റെ ജീവൻ രക്ഷിക്കാനായില്ല. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടർ പൂർണ്ണമായും തകർന്നു. കാർ കൽപകഞ്ചേരി പോലീസ് കസ്റ്റഡിയിലെടുത്തു. പിതാവ്: കോഴിപ്പറമ്പൻ മൊയ്തീൻകുട്ടി. മാതാവ് മമ്മാത്തുട്ടി. ഭാര്യ : സുഹറ (മുൻ ഗ്രാമപഞ്ചായത്ത് മെമ്പർ). സഹോദരങ്ങൾ: സൈതലവി, ഫാത്തിമ, സഫിയ മക്കൾ: മുഹ്സിന, ഷംന, ഫസ്ന, തസ്‌ന മരുമക്കൾ: ഇസ്മായിൽ, ജാഫർ, ഫസലുറഹ്മാൻ, നിസാമുദ്ദീൻ.







