പൊന്നാനി: പൊന്നാനിയിൽ വീടിന്റെ ഓടിളക്കി അകത്ത് കയറി പിഞ്ചുകുഞ്ഞിനെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതി പിടിയിൽ. ആനപ്പടി കാട്ടില വളപ്പിൽ അക്ബറിനെയാണ് (40) പൊന്നാനി പൊലീസ് അറസ്റ്റ് ചെയ്തത്.
മാതാപിതാക്കളോടൊപ്പം കിടന്നുറങ്ങുകയായിരുന്ന പെൺകുഞ്ഞിന്റെ ശരീരത്തിൽ സ്പർശിച്ചതിനെ തുടർന്ന് കുഞ്ഞ് ബഹളം വെച്ചു. മാതാവും പെൺകുട്ടിയും വീടിനുള്ളിലെ വെളിച്ചത്തിൽ ട്രൗസർ ഇട്ട, താടി വളർത്തിയ പ്രതി നേരത്തെ തുറന്നുവെച്ച പിൻവാതിൽ വഴി ഓടിപ്പോകുന്നത് കണ്ടു. പരിസരവാസികൾ പൊലീസുമായി ചേർന്ന് തിരച്ചിൽ നടത്തിയെങ്കിലും പ്രതിയെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.
അയൽവാസികളായ പെൺകുട്ടികൾ കുളിക്കുന്ന സ്ഥലത്തും അലക്കുന്ന സ്ഥലത്തും സംശയാസ്പദ രീതിയിൽ ചുറ്റി തിരിയുന്നത് കണ്ട് പല സമയത്തും നാട്ടുകാർ പിടികൂടി താക്കീത് ചെയ്ത് പ്രതിയെ വിട്ടയച്ചിരുന്നു. അവിവാഹിതനും ലഹരിക്കടിമയുമായ പ്രതി പെൺകുട്ടി താമസിക്കുന്ന വീടിന്റെ പരിസരത്ത് രാത്രി മീൻ പിടിക്കാനെന്ന വ്യാജേന ചുറ്റി തിരിഞ്ഞിരുന്നു എന്നും സ്ഥിരമായി കണ്ടിരുന്ന ഇയാളെ സംഭവശേഷം കാണാറില്ല എന്നും പരിസരവാസികളിൽനിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയായിരുന്നു.