എടപ്പാള്‍: മോദിയുടെയും ആര്‍എസ്എസിന്റെയും ലക്ഷ്യം രാജ്യത്തെ ഹിന്ദു രാഷ്ട്രമാക്കുകയാണെന്നും എന്നാല്‍ അത് രാജ്യത്തെ ജനം തള്ളുമെന്നും രമേഷ് ചെന്നിത്തല.

നൂറ്റാണ്ടുകളോളം രാജ്യം ഭരിച്ച മുഖളന്മാര്‍ രാജ്യത്തെ മുസ്ലിം രാഷ്ട്രമാക്കാന്‍ നോക്കിയിട്ടില്ല. ബ്രീട്ടീഷുകാര്‍ ഇവിടെ ക്രിസ്ത്യന്‍ രാജ്യമാക്കാനും നോക്കിയില്ല. എന്നാല്‍ സ്വാതന്ത്ര്യ ഭാരത്തില്‍ പത്തുവര്‍ഷം അധികാരം കിട്ടിയപ്പോഴേക്കും ഇവിടെ ഹിന്ദു രാഷ്ട്രം ആക്കാന്‍ നോക്കുന്ന മോദിക്കും ആസൂത്രണം ചെയ്യുന്ന ആര്‍എസ്എസിനും അതിന് കഴിയില്ലെന്നും ജനം അതിന് സമ്മതിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. എടപ്പാളില്‍ നടന്ന പൊന്നാനി പാര്‍ലമെന്റ് മണ്ഡലം യുഡിഎഫ് കണ്‍വെന്‍ഷന്‍ മുഖ്യപ്രഭാഷണം ചെയ്യുകയായിരുന്നു അദ്ദേഹം. ജനം മോദി സര്‍ക്കാറിന് എതിരാണ്. രാജ്യം നിലനില്‍ക്കണമെങ്കില്‍ ഇന്ത്യ മുന്നണി അധികാരത്തില്‍ വരണം. വാചകമടിമാത്രമാണ് രാജ്യത്ത് നടന്നത്. ഒരു വികസനവും ഉണ്ടായില്ല. മുസ്ലിംങ്ങളെയും ഹിന്ദുക്കളെയും തമ്മിലിപ്പിക്കാനുള്ള പദ്ധതികള്‍ മാത്രമാണ് ബിജെപി സര്‍ക്കാറിന്റെ ഭാഗത്തുനിന്നും ഉണ്ടായത്. രാമക്ഷേത്ര നിര്‍മ്മാണവും രാഷ്ട്രീയമാക്കി ബിജെപി. പ്രാണപ്രതിഷ്ഠ നടത്തിയത് മോദിയാണ്. ഇതിനെതിരെ യഥാര്‍ത്ഥ ഹിന്ദുക്കളെല്ലാം പ്രതിഷേധിച്ചു. കോടിക്കണക്കിന് ഹിന്ദുക്കള്‍ ആരാധിക്കുന്ന രാമനെ രാഷ്ട്രീയമാക്കാനും വെറുപ്പിന്റെ രാഷ്ട്രീയത്തിന്റെ ഭാഗമാക്കാന്‍ ശ്രമിക്കുന്നതും യഥാര്‍ത്ഥ വിശ്വാസികള്‍ അംഗീകരിക്കില്ല. അതിന്റെ തിരിച്ചടി തെരഞ്ഞെടുപ്പില്‍ ഉണ്ടാവുക തന്ന ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. രാമക്ഷേത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ട് മുസ്ലിംലീഗിന്റെ നിലപാട് മതേതരത്വ കേരളം ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. സാദിഖലി തങ്ങളുടെ നിലപാട് പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളെ ഓര്‍മ്മിപ്പിക്കുന്നതായിരുന്നെന്നും അദ്ദേഹം പറഞ്ഞു. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ പി.ടി അജയ മോഹന്‍ അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ അഷ്‌റഫ് കോക്കൂര്‍ സ്വാഗതം പറഞ്ഞു. പി.കെ കുഞ്ഞാലിക്കുട്ടി, ഇ.ടി മുഹമ്മദ് ബഷീര്‍, പിവി അബ്ദുല്‍വഹാബ് എംപി, പിഎംഎ സലാം, വിടി ബല്‍റാം, സി ഹരിദാസ്, കെ.പി.എ മജീദ്, കുറുക്കോളി മൊയ്തീന്‍ എംഎല്‍എ, കെകെ ആബിദ്ഹുസൈന്‍ തങ്ങള്‍ എംഎല്‍എ, കാരയില്‍ വാസു, അഡ്വ.ഷിബു, പികെ ഫിറോസ്, വികെ ഫൈസല്‍ ബാബു, പിപി റഷീദ്, അനസ് മാസ്റ്റര്‍ പ്രസംഗിച്ചു.