വളാഞ്ചേരി: തിരൂർ-വളാഞ്ചേരി റൂട്ടിൽ ഓടുന്ന സ്വകാര്യ ബസ്സിൽ വെച്ച് വിദ്യാർത്ഥിനിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ സംഭവത്തിൽ പ്രതി പിടിയിൽ. തൃക്കണ്ണാപുരം സ്വദേശി ചുള്ളിയിൽ സക്കീർ നെയാണ് വളാഞ്ചേരി പൊലീസ് പിടികൂടിയത്.
നിരവധി നിരീക്ഷണ ക്യാമറകൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. കഴിഞ്ഞ ദിവസം ആണ് കേസിനാസ്പദമായ സംഭവം നടന്നത്. കടുങ്ങാത്തുകുണ്ടിൽ നിന്ന് ബസില്‍ കയറിയ പെണ്‍കുട്ടിക്ക് നേരെ പുത്തനത്താണിയില്‍ നിന്ന് കയറിയ സക്കീർ ലൈംഗിക അതിക്രമം നടത്തിയെന്നാണ് പരാതി. വളാഞ്ചേരി എത്തിയപ്പോള്‍ ആരോപണ വിധേയന്‍ കാവുംപുറത്ത് ഇറങ്ങിയതായി ബസ് ജീവനക്കാര്‍ അറിയിക്കുകയായിരുന്നു.
ശേഷം ക്ലാസില്‍ എത്തിയ പെണ്‍കുട്ടി വിഷമിച്ച് ഇരിക്കുന്നത് ശ്രദ്ധയില്‍പെട്ട അധ്യാപകര്‍ വിവരം തിരക്കുകയും സംഭവം വീട്ടുകാരെ അറിയിക്കുകയുമായിരുന്നു. പിന്നീട് വീട്ടുകാര്‍ ഇടപെട്ടാണ് പരാതി നല്‍കിയത്. പ്രതിയെ രക്ഷപ്പെടാൻ ബസ് തൊഴിലാളികൾ ഇടപെട്ടു എന്നും പോലീസിൽ പരാതിയുണ്ട്. അതേ സമയം ബസില്‍ വച്ച് പരാതി ഉള്ളതായി പെണ്‍കുട്ടി പറഞ്ഞില്ലെന്നും അതുകൊണ്ടാണ് കേസുമായി മുന്നോട്ട് പോകാതിരുന്നത് എന്നുമാണ് ബസ് ജീവനക്കാരുടെ വാദം.
സംഭവത്തിൽ സ്വകാര്യ ബസ് ജീവനക്കാര്‍ക്കെതിരെ വളാഞ്ചേരി പോലീസ് കേസെടുത്തിരുന്നു. ബസ് കസ്റ്റഡിയില്‍ എടുത്തതിൽ പ്രതിഷേധിച്ച് വളാഞ്ചേരി തിരൂര്‍ റൂട്ടില്‍ സ്വകാര്യ ബസ്സുകള്‍ രണ്ടുദിവസം പണിമുടക്കിയിരുന്നു.