ഗതാഗതരംഗത്തെ തെറ്റായ പരിഷ്‌കാരങ്ങൾക്കെതിരെ എല്ലാ ജില്ലകളിലും സമരം നടന്നിട്ടും മലപ്പുറത്ത് നടന്ന സമരത്തെ മാത്രം അധിക്ഷേപിക്കുന്ന മന്ത്രിയുടെ നിലപാട് ഒരുതരം വരട്ടുചൊറിയുടെ ഭാഗമാണെന്ന് മുസ്‍ലിം ലീഗ് ജനറൽ സെക്രട്ടറി പി.എം.എ. സലാം. സി.ഐ.ടി.യു ഉൾപ്പെടെ എല്ലാ സംഘടനകളും സമരരംഗത്തുണ്ടായിരുന്നു. എന്നിരിക്കെ മലപ്പുറത്തെ സമരത്തെ മാത്രം ആക്ഷേപിച്ചത് മന്ത്രിയുടെ യഥാർഥ അസുഖമെന്താണെന്ന് വെളിപ്പെടുത്തുന്നതാണെന്നും സലാം വ്യക്തമാക്കി. തുഗ്ലക് പരിഷ്‌കാരം നടപ്പാക്കിയിട്ട് നാട്ടുകാരുടെ നെഞ്ചത്ത് കയറുന്നതിൽ അർഥമില്ല. ഭാഗ്യവശാലാണ് ഈ സമരത്തിന്റെ പേരിൽ തീവ്രവാദി വിളിയിൽ നിന്ന് മലപ്പുറത്തുകാർ രക്ഷപ്പെട്ടത്. മലപ്പുറത്ത് എന്തു സമരം നടന്നാലും അത് തീവ്രവാദികളാണെന്നു പറയുന്നത് ഇടതുപക്ഷത്തിന്റെ സ്ഥിരം പരിപാടിയാണെന്നും പി.എം.എ. സലാം ആരോപിച്ചു.







