പാലക്കാട്: പുതുശ്ശേരി കൊളയക്കോട് സ്വദേശി അമ്മുക്കുട്ടിയുടെ (53) മരണം കൊലപാതകമെന്ന് പോലീസ്. സംഭവത്തില്‍ 11 മാസത്തിനുശേഷം ഒരാള്‍ അറസ്റ്റിലായി. കൊളയക്കോട് സ്വദേശി സെയ്ദ് ഹുസൈന്‍ (കുഞ്ഞുമൈന-57) ആണ് കസബ പോലീസിന്റെ പിടിയിലായത്.
2023 നവംബര്‍ 14-നാണ് അമ്മുക്കുട്ടിയെ വീടിനടുത്തുള്ള പാടത്ത് അവശനിലയില്‍ കണ്ടെത്തിയത്. മൂക്കില്‍നിന്ന് രക്തംവാര്‍ന്ന നിലയില്‍ അബോധാവസ്ഥയിലായിരുന്നു. നാട്ടുകാരുടെ സഹായത്തോടെ അഗ്നിരക്ഷാസേന ഇവരെ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
അമ്മുക്കുട്ടിക്ക് നാട്ടുകാരനും ഗുഡ്സ് ഓട്ടോറിക്ഷാ ഡ്രൈവറുമായ ഹുസൈനുമായി അടുപ്പമുണ്ടായിരുന്നെന്ന് നാട്ടുകാരുടെ മൊഴികളില്‍നിന്ന് വ്യക്തമായിരുന്നതായി കസബ പോലീസ് പറഞ്ഞു. ഇയാളെ ചോദ്യംചെയ്തതോടെ കൂടുതല്‍ സംശയങ്ങളുണ്ടായി. എന്നാല്‍, കാര്യമായ തെളിവുകളൊന്നും ലഭിച്ചിരുന്നില്ല. തുടര്‍ന്ന്, പോലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തില്‍ തെളിവുകള്‍ ലഭിച്ചതോടെയാണ് പ്രതിയെ അറസ്റ്റുചെയ്തത്. സംഭവദിവസം ഇരുവരും വീടിനടുത്തുള്ള പാടത്ത് കണ്ടുമുട്ടുകയും സംസാരത്തിനിടെ വഴക്കുണ്ടാവുകയുമായിരുന്നു. ഇതിനിടെ സെയ്ദ് ഹുസൈന്‍ അമ്മുക്കുട്ടിയുടെ കഴുത്ത് ഞെരിച്ചതായും പോലീസ് പറഞ്ഞു. കഴുത്തിനേറ്റ ക്ഷതമാണ് മരണകാരണമെന്ന് ശാസ്ത്രീയ പരിശോധനകളില്‍ വ്യക്തമായിരുന്നു. ഡി.എന്‍.എ. പരിശോധനാഫലംകൂടി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റുചെയ്തതെന്ന് പോലീസ് പറഞ്ഞു. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.