കാണാതായ യുവതിയുടെ മൃതദേഹം മറ്റൊരു വീട്ടിൽ കണ്ടെത്തി. യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ വീട് നോക്കാൻ ഏൽപ്പിച്ചിരുന്ന യുവാവിനെ 22 കിലോമീറ്റർ അകലെ തൂങ്ങിമരിച്ച നിലയിലും കണ്ടെത്തി. പയ്യന്നൂർ മാതമംഗലം സ്വദേശി അനിലയെയാണ് പയ്യന്നൂർ അന്നൂരിലെ വീട്ടിൽ മരിച്ചനിലയിൽ കണ്ടത്. കുറ്റൂർ ഇരൂൾ സ്വദേശി സുദർശൻ പ്രസാദ് എന്ന ഷിജുവിനെയാണ് ഇരൂളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്.
യുവതിയെ അന്നൂരിലെ വീട്ടിൽവെച്ച് കൊലപ്പെടുത്തിയശേഷം യുവാവ് ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക നിഗമനം. അന്നൂരിലെ വീടിന്റെ ഉടമയും കുടുംബവും വിനോദയാത്ര പോയിരിക്കുകയായിരുന്നു. ഷിജുവിനെ വീട് നോക്കാനും വളർത്തുനായയെ പരിചരിക്കാനും ചുമതലപ്പെടുത്തിയാണ് കുടുംബം യാത്രപോയത്. ഞായറാഴ്ച രാവിലെ ഷിജുവിനെ ഫോണിൽ വിളിച്ചിട്ട് കിട്ടിയില്ല. ഇതോടെ വീട്ടുടമ ബന്ധുവിനെ വിവരമറിയിച്ചു. ഇവർ വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.
പെരിങ്ങോം പൊലീസ് സ്റ്റേഷനിലാണ് അനിലയെ കാണാനില്ലെന്ന് ഭർത്താവ് പരാതി നൽകിയിരുന്നു. ഇതുസംബന്ധിച്ച അന്വേഷണം നടക്കുന്നതിനിടെയാണ് അനിലയെ അന്നൂരിലെ വീട്ടിൽ മരിച്ചനിലയിൽ കണ്ടത്.