നിലമ്പൂർ: നിലമ്പൂർ വനത്തില്‍ കുടുങ്ങിയ യുവാക്കളെ അഗ്നിരക്ഷാ സേനയെത്തി രക്ഷപ്പെടുത്തി. കാഞ്ഞിരപ്പുഴ വനത്തില്‍ അര്‍ധരാത്രി 12 മണിയോടെ ഗൂഗിള്‍ മാപ്പിന്‍റെസഹായത്താല്‍ കാറില്‍ സഞ്ചരിച്ച യാത്രക്കാരായ വയനാട് കല്‍പ്പറ്റ ഉമ്മുല്‍ഖുറ അറബിക്ക് കോളേജിലെ അധ്യാപരായ ഫൗസി , ഷുഹൈബ്, മുസ്ഫർ, ഷമീം , അസിം എന്നിവരാണ് വനത്തില്‍ മണിക്കൂറുകളോളം കുടുങ്ങിയത്. സഹപ്രവർത്തകന്‍റെ കല്യാണ വീട് സന്ദർശിച്ചശേഷം തിരിച്ചുവരുന്നതിനിടെ വഴിതെറ്റി വനത്തിനുള്ളില്‍ അകപ്പെടുകയായിരുന്നു. ശക്തമായ മഴയില്‍ സംഘം സഞ്ചരിച്ച കാർ ചെളിയില്‍ പൂണ്ടുപോകുകയും കാറിനകത്ത് വെള്ളം കയറി ഓഫാകുകയും ചെയ്തു. ഇതോടെ സംഘം വനത്തില്‍ മണിക്കൂറുകളോളം കുടുങ്ങി.
വന്യമൃഗങ്ങളും ഇഴജന്തുക്കളുമുള്ള വനത്തില്‍ നിസഹായാവസ്ഥയിലായ സംഘം നിലമ്പൂർ അഗ്നിരക്ഷാ സേനയെ വിവരമറിയിക്കുകയായിരുന്നു. ഫയർ ഫോഴ്സ് വാഹനം കെട്ടിവലിച്ച് സംഘത്തെ സുരക്ഷിതമായ സ്ഥലത്ത് എത്തിക്കുകയായിരുന്നു. ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് കാര്‍ വലിച്ച് പുറത്തെത്തിക്കാനായത്.