കൽപകഞ്ചേരി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് പ്രണയം നടിച്ച് വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയും നഗ്നചിത്രങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി സ്വർണവും പണവും കവർന്ന പ്രതി അറസ്റ്റിൽ. വൈലത്തൂർ പൊന്മുണ്ടം സ്വദേശി നെടുംപറമ്പിൽ ജുനൈദ് (24) നെയാണ് പോക്സോ നിയമപ്രകാരം കൽപകഞ്ചേരി ഇൻസ്പെക്ടർ കെ. സലിം അറസ്റ്റ് ചെയ്തത്. പ്രതി പ്രണയം നടിച്ച് പെൺകുട്ടിയെ വർഷങ്ങളായി വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. പെൺകുട്ടിയുടെ നഗ്ന ചിത്രങ്ങൾ പകർത്തി സോഷ്യൽ മീഡിയ വഴി പുറത്ത് വിടും എന്ന് കുടുംബത്തെ ഭീഷണിപ്പെടുത്തി പണവും സ്വർണവും കൈക്കലാക്കുകയുമായിരുന്നു. നിരന്തരമായ പ്രതിയുടെ ഭീഷണിയിൽ ഭയന്ന് ആത്മഹത്യയുടെ വക്കിലായ കുടുംബം കൽപകഞ്ചേരി പോലീസിൽ പരാതി നൽകുകയായിരുന്നു. കൽപകഞ്ചേരി പോലീസ് അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
എ.എസ്.ഐ മാരായ സതി, എ. ദീപക്, എസ്.സി.പി.ഓ പി. സുജിത്ത്, സി.പി.ഒ രാഗേഷ് എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു.