മലപ്പുറം: പ്രസവിച്ച് 17-ാം ദിവസം എഴുതിയ സിവില്‍ സർവീസ് മെയിൻ പരീക്ഷയില്‍ 45-ാം റാങ്ക് നേടി തിരുവല്ല സ്വദേശി മാളവിക ജി.നായർ. 2024 സെപ്തംബർ മൂന്നിനാണ് മകൻ ആദിശേഷ് ജനിച്ചത്. മെയിൻ പരീക്ഷ സെപ്തംബർ 20നായിരുന്നു. മകന് നാല് മാസം പ്രായമുള്ളപ്പോഴായിരുന്നു ഡല്‍ഹിയില്‍ ഇന്റർവ്യൂ.
2020 ബാച്ചിലെ ഇന്ത്യൻ റവന്യൂ സർവീസ് ഉദ്യോഗസ്ഥയായ മാളവിക നിലവില്‍ കൊച്ചിയില്‍ റവന്യൂ ഡെപ്യൂട്ടി കമ്മിഷണറാണ്. ഐ.പി.എസ് ട്രെയിനിയായ ഭർത്താവ് ഡോ. നന്ദഗോപനാണ് മാളവികയുടെ ഭർത്താവ്. നിലവില്‍ നന്ദകുമാർ പരിശീലനത്തിന്റെ ഭാഗമായി മലപ്പുറം പൊലീസിലാണ്. പ്രസവാവധിയിലുള്ള മാളവികയും മലപ്പുറത്ത് ഭർത്താവിനൊപ്പമുണ്ട്. അതിനിടെയാണ് റാങ്കിന്റെ സന്തോഷവാർത്ത തേടിയെത്തുന്നത്. കൊടും തണുപ്പില്‍ നാലുമാസം പ്രായമുള്ള മകനുമൊത്ത് ഡല്‍ഹിയില്‍ പോയത് വളരെ റിസ്‌ക് എടുത്തായിരുന്നു. അതിന് ഫലമുണ്ടായതില്‍ സന്തോഷമുണ്ടെന്ന് മാളവിക പറയുന്നു. മെയിൻ പരീക്ഷാഫലം വന്ന ശേഷം ഇന്റർവ്യൂവിന് തയ്യാറെടുക്കാൻ അധികം സമയം ലഭിച്ചിരുന്നില്ല. ഭർത്താവ് ഫോണിലൂടെ മോക് ഇന്റർവ്യൂ നടത്തിയാണ് പരിശീലിപ്പിച്ചത്. നേരത്തെ പരീക്ഷ എഴുതിയുള്ള പരിചയം റാങ്ക് നേട്ടത്തില്‍ തുണയായെന്നും മാളവിക പറയുന്നു. പിതാവ്: ചെങ്ങന്നൂർ സ്വദേശി ഗോവിന്ദനിവാസില്‍ കെ.ജി. അജിത്‌കുമാർ (റിട്ട. കേരള ഫിനാസ് കോർപറേഷൻ എ.ജി.എം). മാതാവ് ഡോ. ഗീതാലക്ഷ്മി. ( ഗൈനക്കോളജിസ്റ്റ്, ചെങ്ങന്നൂർ ജില്ലാ ആശുപത്രി). സഹോദരി മൈത്രേയി മെഡിസിൻ പി.ജി വിദ്യാർത്ഥിയാണ്.