റിപ്പോർട്ട്: അമീൻ മയ്യേരി
കൽപകഞ്ചേരി: നീണ്ട 37 വർഷത്തെ പ്രവാസ ജീവിതത്തിന് ശേഷം തന്റെ 56-ാം വയസിൽ കന്നിവോട്ട് ചെയ്തതിന്റെ സന്തോഷത്തിലാണ് കന്മനം പാറക്കല്ല് സ്വദേശി അടിയാട്ടിൽ അമീർഹംസ എന്ന മാനു. കൽപകഞ്ചേരി പഞ്ചായത്തിലെ 43-ാം നമ്പർ ബൂത്തായ പറവന്നൂർ ഇ.എ.എം എൽപി സ്കൂളിലാണ് അമീർ ഹംസ വോട്ട് രേഖപ്പെടുത്തിയത്. 19-ാം വയസ്സിൽ പ്രവാസ ലോകത്തേക്ക് പോയ ഇദ്ദേഹം പലപ്പോഴും തെരഞ്ഞെടുപ്പ് സമയത്ത് നാട്ടിലുണ്ടാവാറില്ല. ചിലപ്പോഴൊക്കെ നാട്ടിലുണ്ടായിരുന്നെങ്കിലും വോട്ടർ പട്ടികയിൽ പേരില്ലാത്തതിനാൽ വോട്ടു ചെയ്യാനും കഴിഞ്ഞിരുന്നില്ല. അൻപത്തിയാറാമത്തെ വയസിൽ തൻ്റെ ജീവിതത്തിലെ കന്നി വോട്ട് രേഖപ്പെടുത്തിയതിലുള്ള സന്തോഷം നാട്ടുകാരോടും സുഹൃത്തുക്കളോടും അമീർ ഹംസ പങ്കുവെച്ചു. ഏകമകളും ബിരുദ വിദ്യാർത്ഥിയുമായ റെന്നയ്ക്കും കന്നി വോട്ടായിരുന്നു.