തിരൂർലൈവ് ഡെസ്ക്: കുവൈറ്റിൽ ഫ്ലാറ്റിലുണ്ടായ തീപ്പിടുത്തത്തിൽ മരണപ്പെട്ടവരിൽ തിരൂർ കൂട്ടായി സ്വദേശിയും. കോത പറമ്പിന് പടിഞ്ഞാറ് താമസിക്കുന്ന പരേതനായ കുപ്പന്റെ പുരക്കൽ പരേതനായ ഹംസയുടെ മകൻ നൂഹ് (42) ആണ് മരിച്ചത്. രണ്ട് മാസം മുമ്പാണ് അവധി കഴിഞ്ഞ് നൂഹ് കുവൈറ്റിലേക്ക് മടങ്ങിയത്. രണ്ട് സഹോദരങ്ങൾ കുവൈറ്റിലുണ്ട്. ഇവർ നടത്തിയ അന്വേഷണത്തിൽ ബുധനാഴ്ച രാത്രിയാണ് നൂഹിനെ തിരിച്ചറിഞ്ഞത്.
ലോകത്തെ നടുക്കിയ ദുരന്തത്തിൽ ഇത് വരെയായി അമ്പതോളം പേരുടെ മരണമാണ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇവരിൽ 40 ഇന്ത്യക്കാരും 12 മലയാളികളുമാണ്. മംഗഫിൽ ബുധനാഴ്ചയാണ് തൊഴിലാളികൾ തിങ്ങിത്താമസിക്കുന്ന കെട്ടിടത്തിൽ തീപ്പിടുത്തമുണ്ടായത്. കഴിഞ്ഞ ആറ് വർഷമായി പ്രവാസിയാണ് കൂട്ടായി സ്വദേശി നൂഹ്. ഇദ്ദേഹം താമസിക്കുന്ന കെട്ടിടത്തിലാണ് തീപ്പിടുത്തമുണ്ടായതെന്ന് വിവരം ലഭിച്ചത് മുതൽ ബന്ധുക്കൾ ആധിയിലായിരുന്നു. മൊബൈലിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ലഭിച്ചിരുന്നില്ല. തുടർന്ന് സഹോദരങ്ങൾ ദുരന്ത പ്രദേശത്തെത്തി അന്വേഷണം നടത്തുകയായിരുന്നു.