കുറ്റിപ്പുറം: മോഷണം പോയ സൈക്കളിന് പകരം മുഹമ്മദ് അഹ്നാഫിന് പുതിയ സൈക്കിൾ വാങ്ങി നൽകി പ്രവാസി യുവാവ്. കുറ്റിപ്പുറം നോർത്ത് ജി.എൽ.പി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥി എം.കെ. മുഹമ്മദ് അഫ്നാഫിന്റെ സൈക്കിൾ മൂന്നു മാസം മുമ്പാണ് വിദ്യാലയത്തിന്റെ കോമ്പൗണ്ടിന്റെ പുറത്തുനിന്ന് മോഷണം പോയത്.
ഇതുസംബന്ധിച്ച് കുറ്റിപ്പുറം പൊലീസ് സ്റ്റേഷനിൽ അഫ്നാഫ് പരാതി നൽകി. പൊലീസ് അന്വേഷണം നടത്തിയെങ്കിലും സൈക്കിൾ കണ്ടെത്താനായില്ല. സ്കൂളിന്റെ തൊട്ടടുത്തുള്ള സ്റ്റേഷനിൽ ചെന്ന് അഹ്നാഫ് പതിവായി കേസിന്റെ പുരോഗതി അന്വേഷിക്കുമായിരുന്നു. കുട്ടിയുടെ പ്രയാസം തിരിച്ചറിഞ്ഞ പൊലീസുകാർ പകരം സൈക്കിൾ ലഭ്യമാക്കാൻ തീരുമാനിച്ചു.
അതിനിടെ, വിവരമറിഞ്ഞ പ്രവാസിയായ നൗഷാദ് കുറ്റിപ്പുറം കുട്ടിക്ക് സൈക്കിൾ നൽകാൻ ആഗ്രഹം പ്രകടിപ്പിച്ച് രംഗത്തുവന്നു. സൈക്കിൾ വാങ്ങി പൊലീസ് സ്റ്റേഷനിൽ എത്തിച്ച് എസ്.എച്ച്.ഒയുടെയും മറ്റും സാന്നിധ്യത്തിൽ സൈക്കിൾ അഹ്നാഫിന് കൈമാറി.