പി.വി. അൻവർ എം.എല്‍.എ. കെട്ടഴിച്ചുവിട്ട വിവാദങ്ങള്‍ അടങ്ങുന്നതിനുമുൻപേ രാഷ്ട്രീയകേരളം ഉറ്റുനോക്കുന്നത് മുൻ മന്ത്രി കെ.ടി. ജലീലിനെയാണ്. ഒക്ടോബർ രണ്ടിനാണ് ജലീലിന്റെ പുതിയ പുസ്തകത്തിന്റെ പ്രകാശനം. അന്ന് തനിക്കും ചിലത് പറയാനുണ്ടെന്ന് അദ്ദേഹം നേരത്തേത്തന്നെ അറിയിച്ചിരുന്നു.
മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിക്കും എ.ഡി.ജി.പി. എം.ആർ. അജിത്കുമാറിനുമെതിരേ അൻവർ തുടങ്ങിവെച്ച പോരാട്ടത്തിന് തുടക്കംമുതലേ പിന്തുണനല്‍കുന്ന നിലപാടാണ് ജലീലിന്റേത്. ലീഗില്‍നിന്നും കോണ്‍ഗ്രസില്‍നിന്നും ഇടതുപക്ഷത്തേക്കുവന്ന രണ്ടു സ്വതന്ത്ര ജനപ്രതിനിധികള്‍ എന്ന നിലയില്‍ ഇവർ ഒരേ നിലപാട് പങ്കുവെക്കുമ്ബോള്‍ നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ അതിനു പ്രാധാന്യമുണ്ട്.
‘ഉപ്പുതിന്നവരെ വെള്ളംകുടിപ്പിച്ചേ അടങ്ങൂ’ എന്ന ശീർഷകത്തില്‍ പി.വി. അൻവറിന്റെ കൂടെ ഇരിക്കുന്ന ചിത്രംസഹിതമാണ് സ്വർണക്കടത്തിനും പോലീസിന്റെ അഴിമതിക്കും എതിരേ ഒരുമാസംമുൻപ് അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിപ്പിട്ടത്. എസ്.പി. സുജിത് ദാസിനെ സസ്പെൻഡ് ചെയ്തപ്പോള്‍ ആദ്യ വിക്കറ്റ് വീണെന്നും മലപ്പുറം എസ്.പി. എസ്. ശശിധരനെ സ്ഥലംമാറ്റിയപ്പോള്‍ ‘വിക്കറ്റ് നമ്ബർ ടു’ എന്നും ഫെയ്സ്ബുക്കിലൂടെ അൻവറിനൊപ്പം ആഘോഷിച്ചു.
അൻവർ ഉന്നയിച്ച പോലീസുദ്യോഗസ്ഥരുടെ ആർ.എസ്.എസ്. ബന്ധം അതുപോലെത്തന്നെ ജലീലും പലതവണ ആവർത്തിച്ചു. അൻവർ പറഞ്ഞതില്‍ അസത്യമുണ്ടെങ്കില്‍ ഉദ്യോഗസ്ഥർ പരാതി നല്‍കുകയോ കോടതിയെ സമീപിക്കുകയോ ചെയ്യട്ടെ എന്നാണ് ഒരു കുറിപ്പില്‍ അദ്ദേഹം എഴുതിയത്. മുഖ്യമന്ത്രിയോട് എല്ലാക്കാര്യങ്ങളും വിശദീകരിച്ചെന്നും ഉദ്യോഗസ്ഥർക്കെതിരേ പരാതിയുണ്ടെങ്കില്‍ നല്‍കാൻ ആവശ്യപ്പെട്ടെന്നും അദ്ദേഹം ഒരിക്കല്‍ കുറിച്ചു. ഇനി തെറിക്കാനുള്ളത് വമ്ബൻസ്രാവിന്റെ കുറ്റിയാണെന്നും ഞങ്ങളുടെ ക്യാപ്റ്റൻ പിണറായി വിജയനായതിനാല്‍ അതു തെറിക്കുമെന്നും മറ്റൊരു കുറിപ്പില്‍ പറഞ്ഞു.