തിരൂർ: എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകള്‍ നാളെ ആരംഭിക്കും. 4,27,021 വിദ്യാര്‍ത്ഥികളാണ് റഗുലര്‍ വിഭാഗത്തില്‍ പരീക്ഷ എഴുതുക. മാര്‍ച്ച് 26-ന് പരീക്ഷകള്‍ അവസാനിക്കും. സംസ്ഥാനത്തൊട്ടാകെ 2964 കേന്ദ്രങ്ങളിലും, ലക്ഷദ്വീപിലെ 9 കേന്ദ്രങ്ങളിലും, ഗള്‍ഫ്മേഖലയിലെ 7 കേന്ദ്രങ്ങളിലുമായി 4,27,021 വിദ്യാര്‍ത്ഥികളാണ് റഗുലര്‍ വിഭാഗത്തില്‍ എസ് എസ് എല്‍ സി പരീക്ഷ എഴുതുന്നത്. ഗള്‍ഫ് മേഖലയിലെ 682 കുട്ടികള്‍ക്കും, ലക്ഷദ്വീപ് മേഖലയിലെ 447 കുട്ടികള്‍ക്കും പുറമേ ഓള്‍ഡ് സ്കീമില്‍ 8 കുട്ടികളും പരീക്ഷ എഴുതുന്നുണ്ട്. മലപ്പുറം റവന്യൂ ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ കുട്ടികള്‍ പരീക്ഷ എഴുതുന്നത്. 72 ക്യാമ്ബുകളിലായി രണ്ട് ഘട്ടമായാണ് മൂല്യനിർണയം നടത്തുക. 4,44,693 വിദ്യാർത്ഥികളാണ് പ്ലസ് ടു പരീക്ഷ എഴുതുന്നത്. പ്ലസ് വണ്‍ പ്ലസ് ടു പരീക്ഷകള്‍ക്കായി 2000 പരീക്ഷ കേന്ദ്രങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഏപ്രില്‍ മൂന്ന് മുതല്‍ 89 കേന്ദ്രങ്ങളിലായി മൂല്യനിർണയം നടത്തും.