പുത്തനത്താണി: രാമനാമം കേൾക്കുന്നിടത്ത് ഭയം രൂപപ്പെടുന്നുവെങ്കിൽ അത് യഥാർത്ഥ രാമ സന്ദേശമല്ലെന്നും അത് ഹിന്ദുമത വിശ്വാസവുമായോ ദേവന്മാരുമായോ ബന്ധമില്ലാത്തവരുടെ കച്ചവട സൃഷ്ടി മാത്രമാണെന്നും സ്വാമി വിശ്വഭദ്രാനന്ദ ശക്തി ബോധി പറഞ്ഞു. കേരളാ സാംസ്കാരിക സംഘം ( കെ.എസ്.എസ്) പുത്തനത്താണിയിൽ സംഘടിപ്പിച്ച സാംസ്കാരിക സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം .
രാമനാമം വെറുപ്പിന്റെയോ വിദ്വേഷത്തിന്റെയോ സന്ദേശമല്ല. രാമനാമം പറയുമ്പോൾ മാത്രമല്ല മറ്റൊരാൾ കേൾക്കുമ്പോഴും മനസ്സിന് സമാധാനം കിട്ടണം. അതായിരുന്നു ഗാന്ധിജി ജപിച്ച രാമനാമം. അതാണ് ഓരോ ഹിന്ദുവും രാമനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട അടിസ്ഥാന സന്ദേശം. മറ്റുള്ളവരുടെ സങ്കടത്തിന്റെയോ ഭയത്തിൻ്റെയോ മുകളിൽ പ്രതിഷ്ഠിക്കേണ്ട ഒന്നല്ല രാമക്ഷേത്രവും രാമനാമവും. അത്തരം ഇടങ്ങളിൽ ദൈവ സാന്നിദ്ധ്യമോ രാമ ചൈതന്യമോ കുടികൊള്ളുകയില്ലെന്നും അദ്ദേഹം പറഞ്ഞു. കവി ആലപ്പുഴ അബ്ദുൽ കാദർ ഉദ്ഘാടനം ചെയ്തു. കെ.എസ്.എസ് സംസ്ഥാന ജനറൽ സെക്രട്ടറി വെട്ടിച്ചിറ മൊയ്തു അധ്യക്ഷത വഹിച്ചു. ഡോ. സുലൈമാൻ മേൽപത്തൂർ, ഫാ. വി.ടി അന്ത്രയോസ്, അതവനാട് ഗ്രാമപഞ്ചായത്ത് വെസ് പ്രസിഡൻ്റ് കെ.ടി ഹാരിസ്, സുദീഷ് തിരുവനന്തപുരം എന്നിവർ സംസാരിച്ചു. കെ.പി കമറുദ്ധീൻ സ്വാഗതവും ഷറിൽ നന്ദിയും പറഞ്ഞു. തുടർന്ന് ഓച്ചിറ സരിഗയുടെ “കൂടെയുണ്ട് ” എന്ന നാടകവും അരങ്ങേറി.