തിരൂർ: കാപ്പ വിലക്ക് ലംഘിച്ചതിന് തിരൂർ പുറത്തൂർ സ്വദേശിയെ തിരൂർ പൊലീസ് അറസ്റ്റ് ചെയ്തു. ജില്ലയിൽ പ്രവേശിക്കുന്നതിന് ഏർപ്പെടുത്തിയ വിലക്ക് ലംഘിച്ചതിനാണ് പുറത്തൂർ സ്വദേശി ചാളത്തറയിൽ ഷെഫീഖിനെ തിരൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
മണൽ കടത്ത്, പൊലീസിന്റെ കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, വീട്ടിൽ അതിക്രമിച്ചു കയറൽ തുടങ്ങിയ കേസുകളിൽ പ്രതിയായതിനെ തുടർന്ന് തൃശൂർ റേഞ്ച് ഡി.ഐ.ജി കഴിഞ്ഞമാസം ഇയാൾക്കെതിരെ കാപ്പ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഉത്തരവ് കൈപ്പറ്റിയ ഷെഫീക്കിനെ മൂന്നുമാസത്തേക്ക് മലപ്പുറം ജില്ലയിൽ പ്രവേശിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തിയിരുന്നു.
എന്നാൽ, ഇയാൾ ചൊവ്വാഴ്ച തിരൂർ സിവിൽ സ്റ്റേഷൻ പരിസരത്തെത്തിയപ്പോൾ ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്തത്. തിരൂർ സ്റ്റേഷൻ ഹൗസ് ഓഫിസർ കെ.ജെ. ജിനേഷ്, സബ് ഇൻസ്പെക്ടർ ആർ.പി. സുജിത്ത്, സീനിയർ സിവിൽ പൊലീസ് ഓഫിസറായ വിജേഷ്, സിവിൽ പൊലീസ് ഓഫിസർമാരായ ആന്റണി, ഷിനു പീറ്റർ, ഡിന്റു എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. തിരൂർ മജിസ്ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.