Homeമലപ്പുറംവിദ്വേഷ രാഷ്ട്രീയത്തെ സ്നേഹം കൊണ്ട് തോൽപ്പിക്കുക: കാന്തപുരം

വിദ്വേഷ രാഷ്ട്രീയത്തെ സ്നേഹം കൊണ്ട് തോൽപ്പിക്കുക: കാന്തപുരം


ചങ്ങരംകുളം: മതത്തിന്റെ പേരിൽ മനുഷ്യർക്കിടയിൽ കലഹം സൃഷ്ടിക്കുന്നവരെ സ്നേഹം കൊണ്ട് തോല്പിക്കണമെന്ന് കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ. എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി മലപ്പുറം എടപ്പാൾ ഇർശാദ് ക്യാമ്പസിൽ സംഘടിപ്പിച്ച സ്റ്റുഡന്റ്സ് ഇസ്‌ലാമിക് സെൻസോറിയം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം . സൂഫീ പണ്ഡിതരുടെ ജീവിത സംസ്കാരവും പ്രബോധന മാതൃകകളും ആഴത്തിൽ പഠിച്ച് പകർത്തുകയാണ് വിശ്വാസികൾ ചെയ്യേണ്ടത്. പ്രതിസന്ധി ഘട്ടങ്ങളെ വളർച്ചയുടെ ഊർജമായി ഉപയോഗിച്ച മനോഹരമായ അതിജീവനത്തിന്റെ ചരിത്രമാണ് ഇസ്‌ലാമിന്റേത്. സ്രഷ്ടാവിന്റെ കാരുണ്യവും സ്നേഹവും നേടിയെടുത്ത് മുസ്‌ലിമായി ജീവിക്കുന്നവർക്ക് മറ്റൊന്നിലും ആശങ്കപ്പെടേണ്ടതില്ല. ഇസ്‌ലാമിനെതിരെ നിരന്തരം ഉൽപാദിപ്പിക്കപ്പെടുന്ന വെറുപ്പിനെ സ്നേഹം കൊണ്ടും സൗഹൃദം കൊണ്ടും തോൽപിച്ച മത ചരിത്രത്തിന്റെ തുടർച്ചക്ക് വേണ്ടി പ്രവർത്തിക്കണമെന്നും കാന്തപുരം വിദ്യാർത്ഥികളോട് ആഹ്വാനം ചെയ്തു. എസ് എസ് എഫ് സംസ്ഥാന പ്രസിഡണ്ട് ഫിർദൗസ് സുറൈജി അധ്യക്ഷത വഹിച്ചു.
എടപ്പാൾ പന്താവൂരിലെ ഇർശാദ് കാമ്പസിൽ ആരംഭിച്ച നാലാമത് സ്റ്റുഡൻ്റ്സ് ഇസ്‌ലാമിക് സെൻസോറിയത്തിൽ മൂന്ന് ഘട്ടങ്ങളിലായി നടത്തിയ മത്സരപരീക്ഷകളിൽ നിന്നും തെരഞ്ഞെടുത്ത അഞ്ഞൂറോളം വിദ്യാർഥികളാണ് പങ്കെടുക്കുന്നത്. മതവിജ്ഞാനത്തിൻ്റെ ഏറ്റവും ആഴമേറിയ തലങ്ങൾ പ്രതിപാദിക്കുന്ന “തസവുഫ്” എന്ന പ്രമേയമാണ് ഈ വർഷത്തെ സെൻസോറിയം ചർച്ച ചെയ്യുന്നത്. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന പരിപാടിയിൽ സമസ്ത സെക്രട്ടറിമാരായ പൊന്മള അബ്ദുൽ ഖാദർ മുസ്‌ലിയാർ, പേരോട് അബ്ദുറഹ്മാൻ സഖാഫി, സമസ്ത കേന്ദ്ര മുശാവറ അംഗങ്ങളായ ചെറുശോല അബ്ദുൽ ജലീൽ സഖാഫി, സി മുഹമ്മദ് ഫൈസി, മുഹമ്മദലി സഖാഫി തൃക്കരിപ്പൂർ തുടങ്ങി വിവിധ പണ്ഡിതർ വ്യത്യസ്ത സെഷനുകൾക്ക് നേതൃത്വം നൽകും. സെൻസോറിയത്തിൻ്റെ ഭാഗമായി സീനിയർ, ജൂനിയർ എന്നീ വിഭാഗങ്ങളിലായി യഥാക്രമം മിൻഹാജുൽ ആബിദീൻ, ഹിദായത്തുൽ അദ്കിയ എന്നീ കിതാബുകളെ അടിസ്ഥാനമാക്കി നോളേജ് ടെസ്റ്റ് നടക്കും.
പരിപാടിയുടെ വിജയത്തിന് വേണ്ടി സ്വാഗതസംഘം ചെയർമാൻ സയ്യിദ് സീതിക്കോയ തങ്ങളുടെ നേതൃത്വത്തിൽ വിപുലമായ സൗകര്യങ്ങളാണ് പന്താവൂർ ഇർശാദ് കാമ്പസിൽ ഒരുക്കിയിട്ടുള്ളത്.

- Advertisement -

Related News

- Advertisement -

Stay Connected

16,985FansLike
2,458FollowersFollow
61,453SubscribersSubscribe

Must Read

- Advertisement -
- Advertisement -