കൽപകഞ്ചേരി: കടുങ്ങാത്തുകുണ്ടിൽ രണ്ടര വയസ്സുകാരിയുടെ കാലിൽ നിന്നും പാദസരം മോഷ്ടിച്ച തമിഴ്നാട് സ്വദേശിനി അറസ്റ്റിൽ. കോയമ്പത്തൂർ മാവട്ടം സ്വദേശിനി ഗൗരി (35) യെയാണ് കൽപകഞ്ചേരി എസ്.എച്ച്.ഒ കെ സുശാന്ത് അറസ്റ്റ് ചെയ്തത്.
തിരൂർ – വളാഞ്ചേരി റൂട്ടിൽ ഓടുന്ന നീർക്കാട്ടിൽ എന്ന ബസിൽ ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.30നാണ് സംഭവം. വൈലത്തൂരിൽ നിന്നും മാമ്പ്രയിലേക്ക് ബസ് കയറിയ ചെട്ടിയാം കിണർ സ്വദേശിനിയുടെ കുട്ടിയുടെ അരപ്പവൻ തൂക്കം വരുന്ന പാദസരമാണ് മോഷ്ടിച്ചത്. പാദസരം നഷ്ടപ്പെട്ടത് ശ്രദ്ധയിൽപ്പെട്ട മാതാവ് ബഹളം വച്ചതോടെ ബസ് കൽപകഞ്ചേരി പോലീസ് സ്റ്റേഷനു മുന്നിൽ നിർത്തി.
തുടർന്ന് പരിശോധന നടത്തിയപ്പോഴാണ് തമിഴ്നാട് സ്വദേശിയായ ഗൗരിയുടെ പേഴ്സിൽ നിന്നും പാദസരം കണ്ടെത്തിയത്. പ്രതിയെ തിരൂർ കോടതിയിൽ ഹാജരാക്കി.