തിരൂർ: ഡിസംബർ 3 ഭിന്നശേഷിക്കാരുടെ അന്താരാഷ്ട്ര ദിനമാണ്. സാമൂഹിക ജീവിതത്തിൽ ഭിന്നശേഷിയുള്ളവർ നേരിടുന്ന അസമത്വവും വിവേചനവും അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തിലാണ് ഐക്യരാഷ്ട്ര സഭ ഇങ്ങനെയൊരു ദിനം ആഘോഷിക്കാൻ തീരുമാനിച്ചത്. ഇതിൻറെ ഭാഗമായാണ് കല്ലിങ്ങൽ പറമ്പ് എം.എസ്.എം ഹയർ സെക്കൻഡറി സ്കൂളിലെ ഭിന്നശേഷി വിദ്യാർഥികളെ സ്കൂൾ മാനേജ്മെൻ്റും സ്റ്റാഫ് അംഗങ്ങളും അനുമോദിച്ചത്. രണ്ടത്താണി സ്വദേശി യൂസഫ് – ജുനൈസ ദമ്പതികളുടെ മകൻ അഞ്ചാം ക്ലാസുകാരനായ ഹബാബ്, കുണ്ടൻച്ചിന സ്വദേശി മുഹമ്മദ് – ഖദീജ ദമ്പതികളുടെ മകൻ എട്ടാം ക്ലാസുകാരനായ മുഹമ്മദ് ജാഫർ, പാറപ്പുറം സ്വദേശി റഫീക്ക് – സൗജത്ത് ദമ്പതികളുടെ മകൻ പത്താം ക്ലാസുകാരനായ മുഹമ്മദ് ഷഹൽ എന്നീ വിദ്യാർത്ഥികളെയാണ് അനുമോദിച്ചത്.
സ്കൂൾ മാനേജർ കോട്ടയിൽ അബ്ദുല്ലത്തീഫ്, പ്രിൻസിപ്പാൾ ഷാജി ജോർജ്, ഹെഡ്മാസ്റ്റർ എൻ. അബ്ദുൽ വഹാബ് എന്നിവർ ചേർന്ന് പൂച്ചെണ്ടുകളും ഉപഹാരങ്ങളും സമ്മാനിച്ചു.
മുഹമ്മദ് ജാഫറും മുഹമ്മദ് ഷഹലും വീട്ടിലിരുന്ന് ഓൺലൈൻ വഴിയാണ് പഠിക്കുന്നത്. മുഹമ്മദ് ഷഹൽ നന്നായി ചിത്രങ്ങൾ വരയ്ക്കുന്ന വിദ്യാർത്ഥി കൂടിയാണ്. ഇരുവരും സ്കൂളിലേക്ക് വരുന്നത് അറിഞ്ഞതോടെ ക്ലാസിലെ കുട്ടികളും അധ്യാപകരും വലിയ സ്വീകരണമാണ് ഇവർക് നൽകിയത്. ഏറെ നാളുകൾക്കു ശേഷം തന്റെ ക്ലാസിൽ പഠിക്കുന്ന വിദ്യാർത്ഥികള കണ്ട അധ്യാപകരും വികാരനിർഭരമായി.
ഈ കാഴ്ച ഗുരുശിഷ്യ ബന്ധത്തിൻറെ പങ്കുചേരലാണ് എല്ലാവർക്കും സമ്മാനിച്ചത്
മറ്റു കുട്ടികൾക്കൊപ്പം ഇവരും ക്ലാസിലിരുന്ന് അധ്യാപകരുടെ ചോദ്യങ്ങൾക്ക് ചെറുപുഞ്ചിരിയോടെ മറുപടി നൽകി.
കേക്ക് മുറിച്ചും സമ്മാനങ്ങൾ നൽകിയും പാട്ടും കളികളുമായി കൂട്ടുകാരോടൊപ്പം ഇരുവരും ഏറെ സമയം സ്കൂളിൽ ചെലവഴിച്ചു. പിന്നീട് ഇരുവരും വീൽചെയറുകളിൽ സഹപാഠികളോടൊപ്പം സ്കൂളും പരിസരവും കണ്ട് ആസ്വദിച്ച് മറ്റൊരു ദിവസം ഇതുപോലെ വീണ്ടും കണ്ടുമുട്ടാം എന്ന ശുഭപ്രതീക്ഷയോടെ യാത്ര പറഞ്ഞു.