കൽപകഞ്ചേരി: കടുങ്ങത്തുകുണ്ട് വരമ്പനാലയിൽ മത്സ്യം കയറ്റി വന്ന ലോറി താഴ്ചയിലേക്ക് മറിഞ്ഞു. വ്യാഴാഴ്ച പുലർച്ചെ നാല് മണിക്കാണ് അപകടം. തമിഴ്നാട് കാരക്കൽ എന്ന സ്ഥലത്തുനിന്നും അയല മത്സ്യവുമായി തിരൂരിലേക്ക് വരുകയായിരുന്ന ലോറിയാണ് വരമ്പനാല ഇറക്കത്തിൽ വച്ച് നിയന്ത്രണം നഷ്ടപ്പെട്ട് താഴ്ചയിലേക്ക് മറിഞ്ഞത്. വാഹനത്തിൽ കുടുങ്ങിയ പോണ്ടിച്ചേരി സ്വദേശികളായ ഡ്രൈവർ പി. വടിവേലു രാജ് (33), സഹായി രമേശ് (45) എന്നിവരെ തിരൂരിൽ നിന്ന് എത്തിയ അഗ്നി ശമന യൂനിറ്റും നാട്ടുകാരും ചേർന്ന് മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് രക്ഷപ്പെടുത്തിയത്. നിസാര പരിക്കേറ്റ ഇരുവരെയും അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതേസമയം നിയന്ത്രണം നഷ്ടപ്പെട്ട ലോറിയുടെ മുന്നിൽ നിന്നും പൊന്മുണ്ടം സ്വദേശിയായ കുടുംബം സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷ തലനാരിഴക്കാണ് രക്ഷപ്പെട്ടത്.







