കൽപകഞ്ചേരി: കടുങ്ങാത്തുകുണ്ടിൽ ബസ് കാത്തിരിപ്പ് കേന്ദ്രമില്ലാത്തത് യാത്രക്കാർക്ക് ദുരിതമാകുന്നു. കടുങ്ങാത്തുകുണ്ട് ടൗണിൽ നിന്നും വൈലത്തൂർ ഭാഗത്തേക്ക് പോകേണ്ട യാത്രക്കാരാണ് മഴ നനഞ്ഞ് സ്വകാര്യ വ്യക്തികളുടെ കട വരാന്തകളിൽ കയറി നിൽക്കുന്നത്. നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടക്കം സർക്കാർ, അർദ്ധ സർക്കാർ സ്ഥാപനങ്ങൾ സ്ഥിതി ചെയ്യുന്ന കടുങ്ങാത്തുകുണ്ടിൽ രാവിലെയും വൈകുന്നേരങ്ങളിലും വിദ്യാർത്ഥികൾ അടക്കമുള്ള യാത്രക്കാരുടെ വലിയ തിരക്കാണ് അനുഭവപ്പെടാറുള്ളത്. ടൗണിൽ 50 മീറ്ററിനുള്ളിൽ രണ്ടിടങ്ങളിലായാണ് യാത്രക്കാർ ബസ് കാത്തു നിൽക്കുന്നത്. രണ്ടിടത്തും സമാനമായ സ്ഥിതിയാണ്. കൂടാതെ ടൗണിൽ നിന്നും ഇരിങ്ങാവൂർ ഭാഗത്തേക്ക് പോകുന്ന യാത്രക്കാർക്കും ഇതേ അവസ്ഥയാണ്. കട വരാന്തകൾക്ക് മുന്നിൽ വിദ്യാർത്ഥികൾ ബസ് കാത്ത് കൂട്ടം കൂടി നിൽക്കുന്നത് കച്ചവടക്കാർക്കും ഏറെ പ്രയാസമാണ് സൃഷ്ടിക്കുന്നത്. ടൗണിൽ എത്തുന്ന പരിചയമില്ലാത്ത യാത്രക്കാർ എവിടെ ബസ് നിർത്തും എന്നറിയായെ നട്ടം തിരിയുന്ന കാഴ്ച്ചയും ഇവിടെ പതിവാണ്.
ടൗണിന് സമീപത്ത് സ്ഥലം കണ്ടെത്തി ബസ് ബേ നിർമ്മിച്ച് പ്രശ്നത്തിന് പരിഹാരം കാണണമെന്ന് ജനങ്ങൾ ആവശ്യപ്പെട്ടു.