തിരൂർ: തിരൂർ നഗരസഭയും ചെറിയമുണ്ടം ഗ്രാമ പഞ്ചായത്തും അതിർത്തി പങ്കിടുന്ന ഇരിങ്ങാവൂർ പനമ്പാലത്തെ പുതിയ പാലം പുതുവർഷത്തിൽ ഉദ്ഘാടനം ചെയ്യും. കാലപ്പഴക്കത്താൽ ജീർണാവസ്ഥയിലായ പഴയ പാലത്തിന് സമാന്തരമായാണ് തിരൂർ പുഴയ്ക്ക് കുറുകെ പുതിയ പാലം നിർമ്മിച്ചിരിക്കുന്നത്. കൽപകഞ്ചേരി, കടുങ്ങാത്തുകുണ്ട് ഭാഗത്തുനിന്ന് തിരൂരിലേക്ക് വരുന്നവർക്കും പോകുന്നവർക്കും വൈലത്തൂരിലെ ഗതാഗതക്കുരുക്കിൽ കുടുങ്ങാതെ എളുപ്പത്തിലെത്താൽ യാത്രക്കാർ ഈ റോഡിനെയാണ് ആശ്രയിക്കുന്നത്. യാത്രക്കാരുടെ പ്രയാസം മനസ്സിലാക്കി ഉദ്ഘാടനത്തിനു മുൻപേ പാലം താൽക്കാലികമായി തുറന്നു കൊടുത്തു. എന്നാൽ പയ്യനങ്ങാടിയിലേക്കുള്ള അനുബന്ധ റോഡിൻ്റെ പ്രവർത്തി കൂടി പൂർത്തീകരിക്കാൻ ഉണ്ട്. ആവശ്യമായ ഭാഗത്ത് കലുങ്കുകൾ നിർമ്മിച്ച് വീതി കൂട്ടി മണ്ണിട്ട് ഉയർത്തിയാണ് അനുബന്ധ റോഡ് നിർമ്മിച്ചിരിക്കുന്നത്. അതിനാൽ മഴക്കാലത്ത് റോഡിൽ വെള്ളം കയറി ഗതാഗതം തടസ്സപ്പെടുന്ന പ്രശ്നത്തിനും പരിഹാരമാവും.







